ഒമാൻ: വെള്ളപ്പൊക്കം അനുഭവപ്പെടുന്ന താഴ്‌വരകൾ മുറിച്ച് കടക്കരുതെന്ന് CMA മുന്നറിയിപ്പ് നൽകി

GCC News

രാജ്യത്ത് കനത്ത മഴയെത്തുടർന്ന് വെള്ളപ്പൊക്കം അനുഭവപ്പെടുന്ന താഴ്‌വരകൾ മനഃപൂർവം മുറിച്ച് കടക്കാൻ ശ്രമിക്കുന്നതും, അധികൃതർ നൽകുന്ന നിർദ്ദേശങ്ങൾ പാലിക്കാതിരിക്കുന്നതും വാഹനങ്ങളുടെ ഇൻഷുറൻസ് സംബന്ധമായ നഷ്‌ടപരീഹാരം ലഭിക്കാതിരിക്കുന്നതിന് കാരണമാകുമെന്ന് ഒമാൻ ക്യാപിറ്റൽ മാർക്കറ്റ് അതോറിറ്റി മുന്നറിയിപ്പ് (CMA) നൽകി. ഒക്ടോബർ 3-ന് വൈകീട്ടാണ് CMA ഈ അറിയിപ്പ് നൽകിയത്.

വെള്ളപ്പൊക്കം അനുഭവപ്പെടുന്ന താഴ്‌വരകൾ മനഃപൂർവം മുറിച്ച് കടക്കാൻ ശ്രമിക്കുന്നവർക്ക് ഒമാനിൽ മൂന്ന് മാസം വരെ തടവും, 500 റിയാൽ പിഴയും ലഭിക്കാവുന്നതാണ്. ഷഹീൻ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ ഒമാനിലുടനീളം കനത്ത മഴ അനുഭവപ്പെടുന്ന സാഹചര്യത്തിലാണ് CMA ഇത്തരം ഒരു അറിയിപ്പ് നൽകിയത്.

“രാജ്യത്തെ ഏകീകൃതമായ വാഹന ഇൻഷുറൻസ് പോളിസികൾ പ്രകൃതി ക്ഷോഭം, കൊടുങ്കാറ്റ്, ചുഴലിക്കാറ്റ് മുതലായവ മൂലമുണ്ടാകുന്ന നാശനഷ്ടങ്ങളിൽ പരിരക്ഷ ഉറപ്പാക്കുന്നുണ്ടെങ്കിലും, പോളിസിയുടമയുടെ ഭാഗത്ത് നിന്നുള്ള നിരുത്തരവാദപരമായ പ്രവർത്തികൾ ഇത്തരം പരിരക്ഷ റദ്ദാകുന്നതിന് ഇടയാക്കാവുന്നതാണ്. ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്നതിന് വാഹനത്തിന്റെ സുരക്ഷ ഉറപ്പ് വരുത്തുന്നതിന് ആവശ്യമായ നടപടികൾ പോളിസി ഉടമ കൈക്കൊള്ളേണ്ടതുണ്ട്. മനഃപൂർവമുള്ള പ്രവർത്തികളിലൂടെ അപകടം ഉണ്ടാകുന്ന സാഹചര്യങ്ങളിൽ നഷ്‌ടപരീഹാരം നൽകാതിരിക്കുന്നതിനുള്ള തീരുമാനം അധികൃതർ കൈക്കൊള്ളാവുന്നതാണ്.”, CMA ചൂണ്ടിക്കാട്ടി.

രാജ്യത്ത് നിലവിൽ അനുഭവപ്പെടുന്ന കനത്ത മഴയെത്തുടർന്ന് താഴ്‌വരകളും മറ്റും നിറഞ്ഞ് കവിഞ്ഞ അവസ്ഥയിലാണ്. വെള്ളപ്പൊക്ക ഭീഷണി നിലനിൽക്കുന്ന മേഖലകളിൽ താഴ്‌വരകൾ മുറിച്ച് കടക്കരുതെന്നും, റോയൽ ഒമാൻ പോലീസ് നൽകുന്ന നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കാനും CMA ആവശ്യപ്പെട്ടു.