ദേശീയ വാക്സിനേഷൻ പദ്ധതിയുടെ ഭാഗമായി രാജ്യത്തെ 12 വയസിന് മുകളിൽ പ്രായമുള്ള വിദ്യാർത്ഥികൾക്ക് COVID-19 വാക്സിൻ നൽകുന്ന നടപടികൾക്ക് 2021 ഓഗസ്റ്റ് 3, ചൊവ്വാഴ്ച്ച മുതൽ മസ്കറ്റ് ഗവർണറേറ്റിൽ തുടക്കം കുറിച്ചു. ഒമാൻ വിദ്യാഭ്യാസ മന്ത്രാലയം, ഒമാൻ ആരോഗ്യ മന്ത്രാലയം എന്നിവർ സംയുക്തമായാണ് ഈ വാക്സിനേഷൻ നടപ്പിലാക്കുന്നത്.
ഇതിന്റ ഭാഗമായി, 12 വയസും, അതിനു മുകളിൽ പ്രായമുള്ളവരുമായ വിദ്യാർത്ഥികൾക്ക് ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്റർ, ഖുറായത്തിലെ കോസ്റ്റ് ഹെൽത്ത് സെന്റർ എന്നിവിടങ്ങളിലാണ് വാക്സിൻ നൽകുന്നത്. ഈ വിഭാഗം വിദ്യാർത്ഥികൾക്ക് ഓഗസ്റ്റ് 3-ന് രാവിലെ മുതൽ വാക്സിൻ നൽകിത്തുടങ്ങിയതായി മസ്കറ്റ് ആരോഗ്യ ഡയറക്ടറേറ്റ് വ്യക്തമാക്കി.
ഈ വിഭാഗങ്ങളിൽ പെടുന്നവർക്ക് താഴെ പറയുന്ന മാനദണ്ഡങ്ങൾ പ്രകാരമാണ് വാക്സിൻ നൽകുന്നത്:
- വാക്സിനെടുക്കാനുള്ള സമയം, തീയതി എന്നിവ വിദ്യാർത്ഥികളുടെ രക്ഷിതാക്കളുടെ മൊബൈൽ ഫോണിലേക്ക് അയക്കുന്നതാണ്. ഈ സമയക്രമം അനുസരിച്ച് വാക്സിനെടുക്കുന്നതിനായി വിദ്യാർത്ഥികൾ വാക്സിനേഷൻ കേന്ദ്രത്തിൽ ഹാജരാകേണ്ടതാണ്.
- പന്ത്രണ്ട് വയസ് പൂർത്തിയായ വിദ്യാർത്ഥികൾക്കാണ് ഇപ്രകാരം വാക്സിൻ കുത്തിവെപ്പ് നൽകുന്നത്.
- വിദ്യാർഥിയോടൊപ്പം ഒരു രക്ഷിതാവിന് മാത്രമാണ് വാക്സിനേഷൻ കേന്ദ്രത്തിലേക്ക് പ്രവേശനം നൽകുന്നത്.
- വാക്സിൻ സ്വീകരിക്കാനെത്തുന്ന വിദ്യാർഥികൾ തങ്ങളുടെ ജനന സർട്ടിഫിക്കറ്റ്, അല്ലെങ്കിൽ പാസ്സ്‌പോർട്ട് ഇവയിലേതെങ്കിലും ഒന്ന് കൈവശം കരുതേണ്ടതാണ്. പ്രവാസികൾ തങ്ങളുടെ റെസിഡൻസ് കാർഡ് കൈവശം കരുതേണ്ടതാണ്.
വിദ്യാർത്ഥികളുടെ വാക്സിനേഷൻ സംബന്ധമായ സംശയങ്ങൾക്ക് 93220436 / 92715572 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
Cover Photo: DGHS Muscat.