രാജ്യത്തേക്ക് പ്രവേശിക്കുന്നവരുടെ സ്വകാര്യ യാത്രാസാധനങ്ങൾക്ക് VAT ഒഴിവാക്കുന്നതിനുള്ള മാനദണ്ഡങ്ങൾ ഒമാൻ കസ്റ്റംസ് പ്രഖ്യാപിച്ചു

featured GCC News

വിദേശ രാജ്യങ്ങളിൽ നിന്ന് രാജ്യത്തേക്ക് പ്രവേശിക്കുന്ന യാത്രികർ കൈവശം കരുതുന്ന സ്വകാര്യ യാത്രാസാധനങ്ങൾ, ഉപഹാരങ്ങൾ എന്നിവയ്ക്ക് VAT ഒഴിവാക്കി നൽകുന്നതുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങൾ ഒമാൻ കസ്റ്റംസ് പ്രഖ്യാപിച്ചു. ഈ മാനദണ്ഡങ്ങൾ പ്രകാരം ഒമാനിലേക്ക് തിരികെയെത്തുന്ന പൗരന്മാരുടെയും, പ്രവാസികളുടെയും കൈവശമുള്ള സ്വകാര്യ യാത്രാസാധനങ്ങൾക്ക് VAT ഒഴിവാക്കി നൽകുന്നതാണ്.

ഏപ്രിൽ 27-നാണ് ഒമാൻ കസ്റ്റംസ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. രാജ്യത്തേക്ക് പ്രവേശിക്കുന്ന യാത്രികരുടെ കൈവശമുള്ള സ്വകാര്യ യാത്രാസാധനങ്ങൾ, അവർ കൊണ്ടുവരുന്ന ഉപഹാരങ്ങൾ എന്നിവയ്ക്ക് VAT ബാധകമല്ലെന്ന് ഒമാൻ ടാക്സ് അതോറിറ്റി നികുതി സംബന്ധമായി പുറത്തിറക്കിയ മാനദണ്ഡങ്ങളിൽ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇത് നടപ്പിലാക്കുന്നതിന്റെ നടപടിക്രമങ്ങളും, മാനദണ്ഡങ്ങളുമാണ് കസ്റ്റംസ് അധികൃതർ ഇപ്പോൾ പ്രഖ്യാപിച്ചിട്ടുള്ളത്.

ഒമാൻ കസ്റ്റംസ് അറിയിപ്പ് പ്രകാരം താഴെ പറയുന്ന സാഹചര്യങ്ങളിലാണ് രാജ്യത്തേക്ക് പ്രവേശിക്കുന്നവരുടെ കൈവശമുള്ള സ്വകാര്യ യാത്രാസാധനങ്ങൾ, ഉപഹാരങ്ങൾ, വീട്ടുപകരണങ്ങൾ എന്നിവയുടെ VAT ഒഴിവാക്കി നൽകുന്നത്:

  • രാജ്യത്തിന് പുറത്ത് താമസമാക്കിയിട്ടുള്ള ഒമാൻ പൗരന്മാർ ഒമാനിലേക്ക് പ്രവേശിക്കുന്ന അവസരത്തിലും, ഒമാനിൽ താമസമാക്കുന്നതിനായി രാജ്യത്തേക്ക് പ്രവേശിക്കുന്ന വിദേശ പൗരന്മാർ ആദ്യമായി ഒമാനിലേക്ക് പ്രവേശിക്കുന്ന അവസരത്തിലും അവരുടെ കൈവശമുള്ള സ്വകാര്യ യാത്രാസാധനങ്ങൾ, ഉപയോഗിച്ചതായ വീട്ടുപകരണങ്ങൾ എന്നിവയ്ക്ക് VAT ചുമത്തുന്നതല്ല. ഡയറക്ടർ ജനറലിന്റെ നിർദ്ദേശങ്ങൾ പ്രകാരമായിരിക്കും ഈ ഇളവുകൾ നൽകുന്നത്.
  • സ്വകാര്യ യാത്രാസാധനങ്ങൾ, ഉപഹാരങ്ങൾ എന്നിവ യാത്രികൻ സ്വന്തം ആവശ്യങ്ങൾക്കായി കൈവശം കരുതിയിരുന്നവ ആയിരിക്കണം. വാണിജ്യ ആവശ്യങ്ങൾക്കുതകുന്ന അളവിലുള്ള ഇത്തരം സാധനങ്ങൾക്ക് ഈ നികുതിയിളവ് ബാധകമല്ല. ഒമാനിലേക്ക് കൊണ്ട് വരുന്നതിന് നിയന്ത്രണങ്ങളോ, വിലക്കുകളോ ഉള്ള വസ്തുക്കളുമായി ബന്ധപ്പെട്ട നിയമങ്ങൾ എല്ലാ യാത്രികർക്കും ബാധകമാണ്. ഇതിൽ പെടാത്ത സാധനങ്ങൾക്ക് മാത്രമാണ് ഈ നികുതിയിളവ് ലഭിക്കുന്നത്.