ഒമാൻ: രണ്ടാം ഡോസ് ആസ്ട്രസെനേക COVID-19 വാക്സിൻ കുത്തിവെപ്പിന്റെ കാലാവധി നീട്ടി

featured GCC News

രാജ്യത്തെ COVID-19 വാക്സിനേഷൻ യത്നത്തിന്റെ ഭാഗമായി നൽകുന്ന ഓക്സ്ഫോർഡ് ആസ്ട്രസെനേക വാക്സിൻ രണ്ടാം ഡോസ് കുത്തിവെപ്പിന്റെ കാലാവധി നീട്ടാൻ തീരുമാനിച്ചതായി ഒമാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഓക്സ്ഫോർഡ് ആസ്ട്രസെനേക വാക്സിൻ ആദ്യ ഡോസ് കുത്തിവെപ്പും, രണ്ടാം ഡോസ് കുത്തിവെപ്പും തമ്മിലുള്ള ഇടവേള നാല് മാസം വരെ നീട്ടാനാണ് ഒമാൻ ആരോഗ്യ മന്ത്രാലയം തീരുമാനിച്ചിരിക്കുന്നത്.

മെയ് 4-നാണ് ഒമാൻ ആരോഗ്യ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്. ഓക്സ്ഫോർഡ് ആസ്ട്രസെനേക COVID-19 വാക്സിൻ ലഭ്യതയിൽ ആഗോളതലത്തിൽ നേരിടുന്ന കാലതാമസം മൂലമാണ് ഈ തീരുമാനം.

“ആഗോള തലത്തിൽ ഓക്സ്ഫോർഡ് ആസ്ട്രസെനേക വാക്സിൻ ലഭ്യതയിൽ നേരിടുന്ന കാലതാമസം മൂലവും, വാക്സിൻ നിർമ്മാണത്തിലെ പ്രതിസന്ധികൾ മൂലവും ഓക്സ്ഫോർഡ് ആസ്ട്രസെനേക വാക്സിൻ രണ്ടാം ഡോസ് കുത്തിവെപ്പ് കാലാവധി നാല് മാസത്തേക്ക് നീട്ടിവെക്കാൻ തീരുമാനിച്ചിരിക്കുന്നു.”, ഒമാൻ ആരോഗ്യ മന്ത്രാലയത്തിന്റെ അറിയിപ്പിൽ വ്യക്തമാക്കുന്നു. ഈ തീരുമാനം മൂലം വാക്സിൻ ഫലപ്രാപ്തിയിൽ വ്യത്യാസങ്ങളുണ്ടാകില്ലെന്നും, ശാസ്ത്രീയ അടിത്തറകളോട് കൂടിയ തീരുമാനമാണിതെന്നും മന്ത്രാലയം ജനങ്ങൾക്ക് ഇതോടൊപ്പം ഉറപ്പ് നൽകിയിട്ടുണ്ട്.