രാജ്യത്ത് COVID-19 വാക്സിനേഷൻ സർട്ടിഫിക്കറ്റുകൾ വില്പനയ്ക്ക് വെച്ചിരിക്കുന്നതായുള്ള രീതിയിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് ഒമാൻ ഗവണ്മെന്റ് കമ്മ്യൂണിക്കേഷൻ സെന്റർ വ്യക്തമാക്കി. ഓഗസ്റ്റ് 27-നാണ് ഒമാൻ ഗവണ്മെന്റ് കമ്മ്യൂണിക്കേഷൻ സെന്റർ ഇതുമായി ബന്ധപ്പെട്ട് അറിയിപ്പ് പുറത്തിറക്കിയത്.
ഒമാനിലെ പൊതു ഇടങ്ങളിലേക്കും, തൊഴിലിടങ്ങളിലേക്കും പ്രവേശിക്കുന്നതിന് വാക്സിനേഷൻ സർട്ടിഫിക്കറ്റുകൾ നിർബന്ധമാക്കുന്ന സാഹചര്യത്തിലാണ്, ഇത്തരം സർട്ടിഫിക്കറ്റുകൾ പണം കൊടുത്ത് നേടാമെന്ന രീതിയിലുള്ള വാർത്തകൾ സമൂഹ മാധ്യമങ്ങളിലും മറ്റും പ്രചരിച്ചത്. വാക്സിനെടുത്തവർക്ക് ഇത്തരം അംഗീകൃത സർട്ടിഫിക്കറ്റുകൾ Tarassud ആപ്പിലൂടെ പ്രിന്റ് ചെയ്തെടുക്കാമെന്നും കമ്മ്യൂണിക്കേഷൻ സെന്റർ വ്യക്തമാക്കി.
COVID-19 വാക്സിൻ സ്വീകരിച്ചിട്ടുള്ള ഒമാനിലെ പൗരന്മാർക്കും, പ്രവാസികൾക്കും Tarassud ആപ്പിൽ നിന്ന് ഈ സേവനം ലഭ്യമാണെന്നും അധികൃതർ കൂട്ടിച്ചേർത്തു.