ഒമാനിലെ സൊഹാർ പോർട്ടിനെ യു എ ഇ ദേശീയ റെയിൽ ശൃംഖലയുമായി ബന്ധിപ്പിക്കുന്ന യു എ ഇ – ഒമാൻ റെയിൽ ശൃംഖല പദ്ധതിയുടെ പുരോഗതി വിലയിരുത്തുന്നതിനായി ഒമാൻ-ഇത്തിഹാദ് റെയിൽ കമ്പനി അംഗങ്ങൾ യോഗം ചേർന്നു. ഒമാനിലെ മസ്കറ്റിൽ വെച്ചാണ് ഒമാൻ-ഇത്തിഹാദ് റെയിൽ കമ്പനി ബോർഡ് അംഗങ്ങളുടെ പ്രത്യേക യോഗം നടന്നത്.
യു എ ഇ ഊർജ്ജ, അടിസ്ഥാന സൗകര്യ വകുപ്പ് മന്ത്രിയും, ഒമാൻ-ഇത്തിഹാദ് റെയിൽ കമ്പനി ബോർഡ് ചെയർമാനുമായ H.E. സുഹൈൽ മുഹമ്മദ് അൽ മസ്റൂയി, ഒമാൻ ഗതാഗത വകുപ്പ് മന്ത്രിയും, ഒമാൻ-ഇത്തിഹാദ് റെയിൽ കമ്പനി ബോർഡ് വൈസ് ചെയർമാനുമായ H.E. സയീദ് ബിൻ ഹമൗദ് അൽ മവാലി എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഈ യോഗം. ഈ പദ്ധതിയുടെ പുരോഗതി, ഈ പദ്ധതി മുന്നോട്ട് വെക്കുന്ന നേട്ടങ്ങൾ എന്നിവ യോഗം ചർച്ച ചെയ്തു.
ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധങ്ങളിൽ ഒരു പുതിയ അധ്യായമാണ് യു എ ഇ – ഒമാൻ റെയിൽ ശൃംഖലയിലൂടെ നിർമ്മിക്കപ്പെടുന്നതെന്ന് യോഗം വിലയിരുത്തി. ഇരുരാജ്യങ്ങൾക്കിടയിലുമുള്ള യാത്രാ സേവനങ്ങൾ, ചരക്ക് ഗതാഗതം എന്നിവ സുഗമമാക്കുന്നതിനും, ഇരു രാജ്യങ്ങളിലും പുതിയ തൊഴിലവസരങ്ങൾ തുറക്കുന്നതിനുമാണ് ഈ റെയിൽവേ ശൃംഖലയിലൂടെ ലക്ഷ്യമിടുന്നത്.
ഒമാനിലെ സൊഹാർ പോർട്ടിനെ യു എ ഇ ദേശീയ റെയിൽ ശൃംഖലയുമായി ബന്ധിപ്പിക്കാനുള്ള കരാറിൽ ഒമാൻ റെയിൽ, ഇത്തിഹാദ് റെയിൽ എന്നിവർ 2022 സെപ്റ്റംബറിൽ ഒപ്പ് വെച്ചിരുന്നു.
ഇതിന്റെ ഭാഗമായി ഒമാൻ-ഇത്തിഹാദ് റെയിൽ കമ്പനി എന്ന തുല്യപങ്കാളിത്തമുള്ള ഒരു കമ്പനി രൂപീകരിക്കാൻ ഇരുകൂട്ടരും ധാരണയിലെത്തിയിരുന്നു. തുടർന്ന് ഈ പദ്ധതിയുടെ ഭാഗമായുള്ള 303 കിലോമീറ്റർ നീളമുള്ള റെയിൽ പാതയുടെ നിർമ്മാണം സംബന്ധിച്ച കരാറിൽ 2023 ഫെബ്രുവരി 21-ന് അധികൃതർ ഒപ്പ് വെച്ചിരുന്നു.
ഈ പദ്ധതിയുടെ നിർമ്മാണ, നടത്തിപ്പ് കരാറുകാരായ ഒമാൻ-ഇത്തിഹാദ് റെയിൽ കമ്പനിയും, അബുദാബിയിലെ മുബാദലയും തമ്മിലാണ് ഈ കരാറിൽ ഒപ്പ് വെച്ചത്.
Cover Image: Abu Dhabi Media Office.