രാജ്യത്തേക്ക് വ്യോമമാർഗ്ഗം പ്രവേശിക്കുന്ന വിനോദ സഞ്ചാരികൾക്ക് ക്വാറന്റീൻ, യാത്ര പുറപ്പെടുന്നതിന് മുൻപുള്ള COVID-19 PCR ടെസ്റ്റ് എന്നിവ ഒഴിവാക്കി നൽകാൻ തീരുമാനിച്ചതായി ഒമാൻ മിനിസ്ട്രി ഓഫ് ഹെറിറ്റേജ് ആൻഡ് ടൂറിസം അറിയിച്ചു. ഒമാൻ ആരോഗ്യ മന്ത്രാലയത്തിൽ നിന്നുള്ള നിർദ്ദേശങ്ങളെ തുടർന്നാണ് ഈ തീരുമാനമെന്നും മിനിസ്ട്രി ഓഫ് ഹെറിറ്റേജ് ആൻഡ് ടൂറിസം അറിയിപ്പിൽ വ്യക്തമാക്കുന്നു.
ഡിസംബർ 1 മുതൽ പുതിയ ടൂറിസ്റ്റ് വിസകൾ അനുവദിക്കാനുള്ള സുപ്രീം കമ്മിറ്റിയുടെ തീരുമാനത്തെത്തുടർന്നാണ് മിനിസ്ട്രി ഓഫ് ഹെറിറ്റേജ് ഈ നടപടികൾ അറിയിച്ചത്. രാജ്യത്തേക്ക് പ്രവേശിക്കുന്ന വ്യോമയാന യാത്രികർക്ക് യാത്ര പുറപ്പെടുന്നതിന് 96 മണിക്കൂറിനിടയിൽ ലഭിച്ച COVID-19 PCR ടെസ്റ്റ് റിസൾട്ട് നിർബന്ധമാക്കിയിരുന്ന തീരുമാനം പിൻവലിച്ചതായി ഡിസംബർ 10, വ്യാഴാഴ്ച്ച നടന്ന സുപ്രീം കമ്മിറ്റിയുടെ പ്രത്യേക പത്ര സമ്മേളനത്തിൽ ഒമാൻ ആരോഗ്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥനായ ഡോ.സൈഫ് അൽ അബ്രി അറിയിച്ചിരുന്നു.
ഏതാനം നിബന്ധനകൾക്ക് വിധേയമായാണ് വിദേശരാജ്യങ്ങളിൽ നിന്നുള്ള വിനോദസഞ്ചാരികൾക്ക് ക്വാറന്റീൻ, PCR ടെസ്റ്റ് എന്നിവ ഒഴിവാക്കി നൽകുന്നതെന്നും മിനിസ്ട്രി ഓഫ് ഹെറിറ്റേജ് വ്യക്തമാക്കിയിട്ടുണ്ട്. താഴെ പറയുന്ന നിബന്ധനകൾ പാലിക്കുന്ന ടൂറിസ്റ്റുകൾക്കാണ് ഈ ഇളവുകൾ ഉപയോഗിച്ച് രാജ്യത്തേക്ക് പ്രവേശനം അനുവദിക്കുന്നത്:
- COVID-19 ചികിത്സാ പരിരക്ഷയുള്ള, സാധുതയുള്ള അന്താരാഷ്ട്ര ആരോഗ്യ ഇൻഷുറൻസ് സഞ്ചാരികൾക്ക് നിർബന്ധമാക്കിയിട്ടുണ്ട്.
- ഇവർക്ക് ഒമാനിലെ വിമാനത്താവളത്തിലെത്തിയ ശേഷം PCR ടെസ്റ്റ് നിർബന്ധമാണ്.
- യാത്ര പുറപ്പെടുന്നതിന് മുൻപായി സഞ്ചാരികൾ https://covid19.emushrif.om/ എന്ന വിലാസത്തിലൂടെ ഒമാനിലെത്തിയ ശേഷം വിമാനത്താവളത്തിൽ വെച്ച് നടത്തേണ്ട PCR ടെസ്റ്റിനുള്ള രജിസ്ട്രേഷൻ പൂർത്തിയാക്കേണ്ടതാണ്.
- ഇവർ Tarassud+ ആപ്പ് ഫോണിൽ ഇൻസ്റ്റാൾ ചെയ്യേണ്ടതാണ്.
- വിമാനത്താവളത്തിൽ വെച്ച് നടത്തുന്ന PCR ടെസ്റ്റ് റിസൾട്ട് ലഭിക്കുന്നത് വരെ സഞ്ചാരികൾ സ്വയം ഐസൊലേറ്റ് ചെയ്യേണ്ടതാണ്.
- സഞ്ചാരികൾക്ക് ഹോട്ടലിലോ, ടൂറിസ്റ്റ് റിസോർട്ടിലോ മുൻകൂർ ബുക്കിംഗ് നിർബന്ധമാണ്.
- സഞ്ചാരികൾക്ക് റിട്ടേൺ ഫ്ലൈറ്റ് ടിക്കറ്റ് ഉണ്ടായിരിക്കണം.
- കരമാർഗ്ഗമുള്ള അതിർത്തികളിലൂടെ പ്രവേശിക്കുന്നവർക്ക് യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂറിനിടയിൽ ലഭിച്ച കൊറോണ വൈറസ് PCR പരിശോധനാ റിസൾട്ട് നിർബന്ധമാണ്.