2022-ഓടെ ഇ-കൊമേഴ്‌സ് വിൽപ്പന 100 ബില്യൺ ദിർഹത്തിലേക്ക് ഉയരുമെന്ന് പ്രതീക്ഷിക്കുന്നതായി ദുബായ് കസ്റ്റംസ്

Business

അടുത്ത രണ്ട് വർഷത്തിനിടയിൽ ഇ-കൊമേഴ്‌സ് വിൽപ്പന 23 ശതമാനം വളർച്ച രേഖപ്പെടുത്തി 100 ബില്യൺ ദിർഹത്തിലേക്ക് (27 ബില്യൺ ഡോളർ) ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ദുബായ് കസ്റ്റംസ് അറിയിച്ചു. പുതിയ സമ്പദ്‌വ്യവസ്ഥയിൽ ലോക തലസ്ഥാനമായി എമിറേറ്റിനെ കണക്കാക്കുന്നതിൽ ദുബായ് കസ്റ്റംസ് വഹിക്കുന്ന പങ്ക് വളരെ വലുതാണ്.

ഭാവി സമ്പദ്‌വ്യവസ്ഥയിൽ പ്രധാന സ്ഥാനം വഹിക്കുന്ന കമ്പനികളായ ഇ-കൊമേഴ്‌സ് സ്ഥാപനങ്ങൾക്ക് തങ്ങളുടെ വ്യാപാരം സുഗമമാക്കുന്നതിനും, ചെലവ് കുറയ്ക്കുന്നതിനും ആവശ്യമായ എല്ലാ സംവിധാനങ്ങളും ഒരുക്കുന്നതിലൂടെ അവയെ ശക്തിപ്പെടുത്തുന്നതിൽ ദുബായ് കസ്റ്റംസ് വലിയ പങ്ക് നിർവഹിക്കുന്നു. ഈ സേവനകളിലൂടെ ഇത്തരം ഇ-കൊമേഴ്‌സ് സ്ഥാപനങ്ങൾക്ക് ദുബായിൽ തങ്ങളുടെ പ്രാദേശിക ആസ്ഥാനം ഒരുക്കുന്നതിനും സാഹചര്യം ഒരുങ്ങുന്നതാണ്.

ഇതിനുള്ള നൂതന സംവിധാനങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായാണ് ക്രോസ് ബോർഡർ ഇ-കൊമേഴ്‌സ് പ്ലാറ്റ്ഫോം എന്ന പദ്ധതി ദുബായ് കസ്റ്റംസ് ജിടെക്സ് ടെക്നോളജി വീക്ക് 2020-യിൽ അവതരിപ്പിക്കുന്നത്. ഇ-കൊമേഴ്‌സ് വിതരണ ശൃംഖലയിലെ എല്ലാ കണ്ണികളുടെയും ആവശ്യങ്ങൾ നിറവേറ്റാൻ സഹായിക്കുന്ന ഈ സഹകരണപരമായ ബ്ലോക്ക്ചെയിൻ അധിഷ്ഠിത ഇ-കൊമേഴ്‌സ് പ്ലാറ്റ്ഫോം ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നൂതന കാഴ്ചപ്പാടുകളെ ചൂണ്ടിക്കാട്ടുന്നു.

ആഫ്രിക്ക, ഗൾഫ്, പശ്ചിമേഷ്യന്‍ പ്രദേശങ്ങള്‍, തെക്കേ അമേരിക്ക എന്നിവിടങ്ങളിലെ വിപണികളുടെ ഇ-കൊമേഴ്‌സ് പ്രവർത്തനങ്ങളുടെ പ്രധാന കേന്ദ്രമായി മാറുന്നതിന് എമിറേറ്റിന് വലിയ സാധ്യതകൾ ഉണ്ടെന്ന് ജിടെക്സ് ടെക്നോളജി വീക്കിൽ പങ്കെടുത്ത് കൊണ്ട് ദുബായ് കസ്റ്റംസ് ഡയറക്ടർ ജനറൽ അഹമ്മദ് മഹ്ബൂബ് മുസാബി അഭിപ്രായപ്പെട്ടു. പശ്ചിമേഷ്യന്‍ പ്രദേശങ്ങളിലും, വടക്കേ ആഫ്രിക്കൻ പ്രദേശങ്ങളിലും വെച്ച് അതിവേഗം വളർന്ന് കൊണ്ടിരിക്കുന്ന ഇ-കൊമേഴ്‌സ് വിപണിയെന്ന സ്ഥാനം അടുത്തകാലത്ത് ദുബായ് നേടിയിട്ടുണ്ട്. സാങ്കേതിക വിദഗ്ദ്ധരായ ഉപഭോക്താക്കളുടെ എണ്ണത്തിലുള്ള വർദ്ധനവും, ഏറ്റവും നൂതനമായ സാങ്കേതിക അടിസ്ഥാന സൗകര്യങ്ങളുടെ ലഭ്യതയും ഇതിന് കാരണമാണ്.

“ക്രോസ് ബോർഡർ ഇ-കൊമേഴ്‌സ് പ്ലാറ്റ്ഫോം ഉൾപ്പെടെ നിരവധി മികച്ച പദ്ധതികളിലൂടെ അടുത്ത 50 വർഷത്തേക്കുള്ള തയ്യാറെടുപ്പ് ഞങ്ങൾ 2020-ൽ ആരംഭിക്കുകയാണ്. ഇ-കൊമേഴ്‌സ് വിതരണ ശൃംഖലയിലെ എല്ലാ കണ്ണികളുടെയും ആവശ്യങ്ങൾ നിറവേറ്റാൻ സഹായിക്കുന്ന മേഖലയിലെ ആദ്യത്തെ പദ്ധതിയാണിത്. ഈ നൂതന സംവിധാനം ഇ-കോമേഴ്‌സ് മാർഗ്ഗത്തിലൂടെ വിപണനം ചെയ്യുന്ന വാണിജ്യ വസ്തുക്കളുടെ സംഭരണം, ഗതാഗതം, തിരിച്ചയക്കപ്പെട്ട കച്ചവടവസ്‌തുക്കളുടെ കൈകാര്യംചെയ്യല്‍ എന്നിവ മൂലമുണ്ടാകുന്ന ചെലവ് 20 ശതമാനത്തോളം കുറയ്ക്കാൻ സഹായിക്കുന്നു.”, അഹമ്മദ് മഹ്ബൂബ് മുസാബി വ്യക്തമാക്കി.

“2022-ഓടെ ഇ-കൊമേഴ്‌സ് വിൽപ്പന 23 ശതമാനം ഉയർന്ന് 100 ബില്യൺ ദിർഹത്തിലേക്ക് ഉയരുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. COVID-19 പശ്ചാത്തലത്തിൽ ഉപഭോക്താക്കളുടെ ഇടയിൽ ഉടലെടുത്തിട്ടുള്ള പ്രവണതകൾ ഇ-കൊമേഴ്‌സ് വ്യാപാര മേഖലയ്ക്ക് ശുഭസൂചനകൾ നൽകുന്നതാണ്. ഇ-മാർക്കറ്റിംഗ് രംഗത്ത് 10 ശതമാനം വർദ്ധനവാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്.”, അദ്ദേഹം കൂട്ടിച്ചേർത്തു.

WAM