ഒമാൻ: പാർക്കുകളും, ബീച്ചുകളും അടച്ചിടാനുള്ള തീരുമാനം തുടരുമെന്ന് സുപ്രീം കമ്മിറ്റി; ആൾക്കൂട്ടം അനുവദിക്കില്ല

featured GCC News

രാജ്യത്തുടനീളമുള്ള മുഴുവൻ പൊതു പാർക്കുകളും, ബീച്ചുകളും അടച്ചിടാനുള്ള തീരുമാനം തുടരുമെന്ന് ഒമാനിലെ സുപ്രീം കമ്മിറ്റി അറിയിച്ചു. 2021 ഫെബ്രുവരി 25, വ്യാഴാഴ്ച്ച ചേർന്ന സുപ്രീം കമ്മിറ്റി യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്.

ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ ഒമാനിലെ മുഴുവൻ പൊതു പാർക്കുകളും, ബീച്ചുകളും അടച്ചിടുമെന്നും, ഇത്തരം ഇടങ്ങളിലേക്ക് സന്ദർശകർക്ക് പ്രവേശനാനുമതി ഉണ്ടായിരിക്കില്ലെന്നും സുപ്രീം കമ്മിറ്റി പുറത്തിറക്കിയ അറിയിപ്പിൽ വ്യക്തമാക്കുന്നു. രാജ്യത്തെ എല്ലാ ഗവർണറേറ്റുകളിലും ഈ തീരുമാനം ബാധകമാണെന്നും സുപ്രീം കമ്മിറ്റി കൂട്ടിച്ചേർത്തു.

രാജ്യത്തെ COVID-19 വ്യാപനം തടയുന്നതിനായി വാണിജ്യ, വിനോദ മേഖലകളിലും, സാമൂഹിക രംഗത്തും നിയന്ത്രണങ്ങൾ കർശനമാക്കുന്നതിന്റെ ഭാഗമായി 2021 ഫെബ്രുവരി 11 മുതൽ പൊതു പാർക്കുകളും, ബീച്ചുകളും രണ്ടാഴ്ച്ചത്തേക്ക് അടച്ചിടാൻ സുപ്രീം കമ്മിറ്റി നേരത്തെ തീരുമാനിച്ചിരുന്നു. ഈ നിയന്ത്രണങ്ങളാണ് ഇപ്പോൾ ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ തുടരാൻ തീരുമാനിച്ചിരിക്കുന്നത്.

ജനങ്ങൾ ഒത്ത് ചേരുന്നതിനുള്ള വിലക്കുകൾ തുടരും

ഒമാനിൽ പൊതു ഇടങ്ങളിലും, സ്വകാര്യ ഇടങ്ങളിലും ആളുകൾ കൂട്ടം കൂടുന്നതിന് ഏർപ്പെടുത്തിയ വിലക്കുകൾ തുടരുമെന്നും സുപ്രീം കമ്മിറ്റി അറിയിച്ചിട്ടുണ്ട്. കൃഷിയിടങ്ങൾ, റസ്റ്റ് ഹൗസുകൾ, ക്യാമ്പുകൾ എന്നിവ ഉൾപ്പടെ എല്ലാ ഇടങ്ങളിലും ഇത്തരം ഒത്ത് ചേരലുകൾ നിരോധിച്ചിട്ടുണ്ടെന്ന് കമ്മിറ്റി വ്യക്തമാക്കി. സ്വകാര്യ ഇടങ്ങളിലും, വീടുകളിലും നടത്തുന്ന കുടുംബസംഗമങ്ങൾ ഒഴിവാക്കാനും കമ്മിറ്റി നിർദ്ദേശം നൽകിയിട്ടുണ്ട്.