ഒമാൻ: ഈദുൽ അദ്ഹ ദിനങ്ങളിലെ സമ്പൂർണ്ണ ലോക്ക്ഡൌൺ ജൂലൈ 24-ന് പുലർച്ചെ 4 മണിവരെ നീട്ടി

featured GCC News

ഈദുൽ അദ്ഹ ദിനങ്ങളിൽ പ്രഖ്യാപിച്ചിരുന്ന സമ്പൂർണ്ണ ലോക്ക്ഡൌൺ നിയന്ത്രണങ്ങൾ 2021 ജൂലൈ 24-ന് പുലർച്ചെ 4 മണിവരെ നീട്ടാൻ തീരുമാനിച്ചതായി ഒമാൻ സുപ്രീം കമ്മിറ്റി അറിയിച്ചു. ജൂലൈ 16, വെള്ളിയാഴ്ച്ച വൈകീട്ടാണ് ഒമാൻ സുപ്രീം കമ്മിറ്റി ഇക്കാര്യം അറിയിച്ചത്.

2021 ജൂലൈ 20 മുതൽ 22 വരെ (ഈദുൽ അദ്ഹയിലെ ആദ്യ 3 ദിവസങ്ങളിൽ) രാജ്യത്ത് സമ്പൂർണ്ണ ലോക്ക്ഡൌൺ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്നാണ് സുപ്രീം കമ്മിറ്റി നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ രാജ്യത്തെ സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം ഈ നിയന്ത്രണങ്ങൾ ജൂലൈ 24-ന് പുലർച്ചെ 4 മണിവരെ തുടരാൻ സുപ്രീം കമ്മിറ്റി തീരുമാനിക്കുകയായിരുന്നു.

ഇതോടെ ജൂലൈ 20 മുതൽ ജൂലൈ 24 വരെ ഒമാനിൽ മുഴുവൻ സമയങ്ങളിലും വ്യക്തികളുടെ യാത്രകൾ, വാഹനങ്ങളുടെ ഉപയോഗം, വാണിജ്യ പ്രവർത്തനങ്ങൾ എന്നിവയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നതാണ്. ഇതിന് പുറമെ, ഈദുൽ അദ്ഹ വേളയിൽ ഒത്ത് ചേർന്നുള്ള പ്രാർത്ഥനകൾ, പരമ്പരാഗത ഈദ് മാർക്കറ്റുകൾ, മറ്റു ആഘോഷങ്ങൾ, കുടുംബസംഗമങ്ങൾ, മറ്റു ഒത്ത്‌ചേരലുകൾ എന്നിവയ്ക്കും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

സമ്പൂർണ്ണ ലോക്ക്ഡൌൺ കാലയളവിൽ രോഗികൾ, മനുഷ്യത്വപരമായ ഇളവുകൾ ആവശ്യമുള്ള മറ്റു കേസുകൾ എന്നിവർക്ക് ഇളവ് നൽകുമെന്നും, ഭക്ഷണസാധനങ്ങൾ, ആവശ്യവസ്തുക്കൾ എന്നിവയുടെ വില്പന തടസപ്പെടില്ലെന്നും അധികൃതർ നേരത്തെ അറിയിച്ചിരുന്നു. അവശ്യ സർവീസുകളായ വൈദ്യുതി വിതരണം, കുടിവെള്ള വിതരണം, മെഡിക്കൽ സേവനങ്ങൾ മുതലായവയ്ക്ക് ഇളവ് അനുവദിക്കുന്നതാണ്.

അടിയന്തിര സാഹചര്യങ്ങളിൽ 1099 എന്ന നമ്പറിൽ പൊതുജനങ്ങൾക്ക് റോയൽ ഒമാൻ പോലീസ് ആരംഭിച്ചിട്ടുള്ള പ്രത്യേക ഓപ്പറേഷൻസ് സെന്ററുമായി ബന്ധപ്പെടാവുന്നതാണ്. ഈ കേന്ദ്രം ജൂലൈ 16 മുതൽ 24 മണിക്കൂറും പ്രവർത്തിക്കുന്നതാണ്.

സമ്പൂർണ്ണ ലോക്ക്ഡൗണിൽ ഇളവ് അനുവദിച്ചിട്ടുള്ള മേഖലകൾ:

താഴെ പറയുന്ന മേഖലകൾക്ക് സമ്പൂർണ്ണ ലോക്ക്ഡൗണിൽ ഇളവുകൾ അനുവദിക്കുമെന്ന് ജൂലൈ 15-ന് ഒമാൻ ഗവണ്മെന്റ് കമ്മ്യൂണിക്കേഷൻ സെന്റർ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.

  • ആശുപത്രികൾ, ആരോഗ്യ പരിചരണ കേന്ദ്രങ്ങൾ, സർക്കാർ മേഖലയിലെയും, സ്വകാര്യ മേഖലയിലെയും ക്ലിനിക്കുകൾ.
  • ഫാർമസികൾ.
  • കന്നുകാലി വളർത്തൽ, കർഷകർ – രാവിലെ 5 മുതൽ ഉച്ചയ്ക്ക് 11 വരെ ഇളവുകൾ.
  • ഫാക്ടറികളിലേക്ക് തൊഴിലാളികളെ എത്തിക്കുന്ന ബസുകൾ.
  • സർക്കാർ കരാറുകളുള്ള ബേക്കറികൾ, ലോണ്ടറികൾ മുതലായവയുടെ വാഹനങ്ങൾ.
  • ഹോട്ടലുകൾ, ഇത്തരം സ്ഥാപനങ്ങളിലെ ജീവനക്കാർ.
  • മത്സ്യബന്ധന മേഖലയിലെ തൊഴിലാളികൾ.
  • ഇന്ധന സ്റ്റേഷനുകളിൽ പ്രവർത്തിക്കുന്ന ടയർ, വാഹന റിപ്പയർ സ്ഥാപനങ്ങൾ.
  • ബാങ്കിങ്ങ് മേഖലയിൽ ഷിഫ്റ്റ് അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവർ.
  • ജലസേചനം, ഇലക്ട്രിക്കൽ, സാനിറ്ററി മേഖലകളിലെ സാധനങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങൾ.
  • ഇലെക്ട്രിസിറ്റി, കുടിവെള്ളം, ടെലികമ്യൂണിക്കേഷൻ, റോഡ്, മാലിന്യ നിർമാർജ്ജനം മുതലായ മേഖലകളിൽ തൊഴിലെടുക്കുന്നവർ.
  • ഗ്യാസ് വിതരണം, കുടിവെള്ള വിതരണം എന്നിവയുടെ വാഹനങ്ങൾ.
  • എയർപോർട്ടുകൾ, തുറമുഖങ്ങൾ.
  • മൂന്ന് ടണ്ണിൽ കൂടുതൽ ഭാരമുള്ള ട്രക്കുകൾ.
  • ഇന്ധന സ്റ്റേഷനുകളിലെ ജീവനക്കാർ.
  • പ്രസ്, മീഡിയ ജീവനക്കാർ.
  • റിലീഫ് ഷെൽട്ടർ മേഖലയിലെ ജീവനക്കാർ.
  • കസ്റ്റംസ്, ഇൻഷുറൻസ് മേഖലകളിലെ ജീവനക്കാർ.
  • ഫുഡ് ടെസ്റ്റിംഗ് ലാബുകളിലെ ജീവനക്കാർ.
  • ഓയിൽ, ഗ്യാസ് ഫീൽഡുകളിലെ ജീവനക്കാർ.

Cover Image: Royal Oman Police Twitter.