വർക്ക് പെർമിറ്റ് കാലാവധി അവസാനിച്ച ശേഷം ഒമാനിൽ അനധികൃതമായി തുടരുന്ന പ്രവാസികൾക്ക് പിഴ കൂടാതെ രാജ്യം വിടാൻ അവസരം നൽകുന്ന പദ്ധതിയുടെ കാലാവധി 2021 സെപ്റ്റംബർ 30 വരെ നീട്ടാൻ തീരുമാനിച്ചതായി ഒമാൻ തൊഴിൽ മന്ത്രാലയം അറിയിച്ചു. ഈ പദ്ധതിയുടെ ആനുകൂല്യം 2021 ഓഗസ്റ്റ് 31 വരെയാണെന്നാണ് മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നത്.
ഓഗസ്റ്റ് 30-നാണ് ഒമാൻ തൊഴിൽ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്. വിസ കാലാവധി അവസാനിച്ചവർക്കും, തൊഴിൽ പ്രശ്നങ്ങൾ നേരിടുന്നവർക്കും ഈ പദ്ധതിയുടെ കീഴിൽ ഒമാനിൽ നിന്ന് എന്നേക്കുമായി മടങ്ങുകയാണെങ്കിൽ, നില നിൽക്കുന്ന പിഴതുകകളും മറ്റും ഒഴിവാക്കി നൽകുന്നതാണ്. പ്രവാസികൾക്ക് ഈ പദ്ധതിയുടെ ആനുകൂല്യം ഇപ്പോൾ 2021 സെപ്റ്റംബർ 30 വരെ ഉപയോഗപ്പെടുത്താവുന്നതാണ്.
ഇത് ഏഴാം തവണയാണ് ഒമാൻ തൊഴിൽ മന്ത്രാലയം ഈ പൊതുമാപ്പ് പദ്ധതിയുടെ കാലാവധി നീട്ടി നൽകുന്നത്. ഇത്തരം പ്രവാസി തൊഴിലാളികൾക്ക് തങ്ങളുടെ നാടുകളിലേക്ക് മടങ്ങുന്നതിനായി 2020 നവംബർ 15 മുതൽ ഡിസംബർ 31 വരെയുള്ള കാലയളവാണ് ഒമാൻ തൊഴിൽ മന്ത്രാലയം ആദ്യം അനുവദിച്ചിരുന്നത്. പിന്നീട് ഈ പദ്ധതിയുടെ ആനുകൂല്യം പല തവണയായി നീട്ടി നൽകിക്കൊണ്ട് 2021 ഓഗസ്റ്റ് 31 വരെ തുടരാൻ തീരുമാനിച്ചിരുന്നു. ഇപ്പോൾ ഈ പദ്ധതി സെപ്റ്റംബർ 30 വരെ തുടരാനാണ് തൊഴിൽ മന്ത്രാലയം തീരുമാനിച്ചിട്ടുള്ളത്.