തൊഴിൽ നിയമങ്ങളുടെ ലംഘനവുമായി ബന്ധപ്പെട്ട സ്റ്റാറ്റസ് പുതുക്കുന്നതിന് തൊഴിലാളികൾക്കും, തൊഴിലുടമകൾക്കും അനുവദിച്ചിരുന്ന സമയപരിധി ഒമാൻ 2025 ഡിസംബർ 31 വരെ നീട്ടി. 2025 ജൂലൈ 28-നാണ് ഒമാൻ തൊഴിൽ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.
استجابةً للمطالبات، وإتاحةً لفرصة أوسع أمام المستفيدين لاستكمال إجراءاتهم النظامية تعلن #وزارة_العمل عن تمديد فترة تصحيح الأوضاع حتى 31 ديسمبر 2025م.@RoyalOmanPolice pic.twitter.com/7T0NM0DxXX
— وزارة العمل -سلطنة عُمان (@Labour_OMAN) July 28, 2025
നേരത്തെ ഈ സമയപരിധി 2025 ജൂലൈ 31-ന് അവസാനിക്കുമെന്നാണ് അധികൃതർ അറിയിച്ചിരുന്നത്. കൂടുതൽ പേർക്ക് ഇത്തരത്തിൽ നിയമപരമായി തങ്ങളുടെ തൊഴിൽ രേഖകൾ ശരിപ്പെടുത്തുന്നതിന് അവസരം നൽകുന്നതിനാണ് ഇപ്പോൾ ഈ കാലാവധി 2025 ഡിസംബർ 31 വരെ നീട്ടിയിരിക്കുന്നത്.
ഇതോടെ ഒമാനിലെ തൊഴിൽ നിയമങ്ങൾ, നിയന്ത്രണങ്ങൾ എന്നിവയുടെ ലംഘനങ്ങളുമായി ബന്ധപ്പെട്ട് തങ്ങളുടെ സ്റ്റാറ്റസ് നിയമപരമായി പുതുക്കുന്നതിന് തൊഴിലാളികൾക്കും, തൊഴിലുടമകൾക്കും ഈ വർഷം അവസാനം വരെ സമയം ലഭിക്കുന്നതാണ്. പൊതുസമൂഹത്തിൽ നിന്നുള്ള അഭ്യർത്ഥന മാനിച്ചാണ് ഇത്തരം ഒരു തീരുമാനമെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
ഇതുമായി ബന്ധപ്പെട്ട് താഴെ പറയുന്ന കാര്യങ്ങളാണ് ഒമാൻ തൊഴിൽ മന്ത്രാലയം അറിയിച്ചിരിക്കുന്നത്:
- ഇത്തരത്തിൽ തൊഴിൽ സ്റ്റാറ്റസ് ശരിപ്പെടുത്തുന്നതിന് 2025 ഡിസംബർ 31 വരെ സമയം അനുവദിക്കുന്നതാണ്.
- ഈ അധികസമയം ഉപയോഗപ്പെടുത്തിക്കൊണ്ട് പരമാവധി പേർ നിയമാനുസൃതമായി തങ്ങളുടെ സ്റ്റാറ്റസ് പുതുക്കുന്നതിന് ശ്രമിക്കണമെന്ന് മന്ത്രാലയം ആഹ്വാനം ചെയ്തിട്ടുണ്ട്.
- ഈ തീരുമാനം നടപ്പിലാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

