രാജ്യത്ത് ഏർപ്പെടുത്തിയിട്ടുള്ള രാത്രികാല ലോക്ക്ഡൌൺ നിയന്ത്രണങ്ങൾ ജൂലൈ 31 വരെ തുടരാൻ തീരുമാനിച്ചതായി ഒമാൻ സുപ്രീം കമ്മിറ്റി അറിയിച്ചു. ജൂലൈ 6-ന് രാത്രി ഒമാൻ ആഭ്യന്തര വകുപ്പ് മന്ത്രി സയ്യിദ് ഹമൗദ് ഫൈസൽ അൽ ബുസൈദിയുടെ നേതൃത്വത്തിൽ ചേർന്ന സുപ്രീം കമ്മിറ്റി യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം ഉണ്ടായത്.
രാജ്യത്തെ COVID-19 നിയന്ത്രണങ്ങൾ സംബന്ധിച്ച് ഏതാനം സുപ്രധാന തീരുമാനങ്ങളും കമ്മിറ്റി ഈ യോഗത്തിൽ കൈക്കൊണ്ടിട്ടുണ്ട്. ഒമാനിലെ COVID-19 രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തിൽ 2021 ജൂൺ 20 വൈകീട്ട് 8 മണി മുതൽ രാജ്യത്ത് രാത്രികാല ലോക്ക്ഡൌൺ നിയന്ത്രണങ്ങൾ തിരികെ ഏർപ്പെടുത്തിയിരുന്നു.
COVID-19 നിയന്ത്രണങ്ങൾ സംബന്ധിച്ച് താഴെ പറയുന്ന തീരുമാനങ്ങളാണ് സുപ്രീം കമ്മിറ്റി കൈക്കൊണ്ടിട്ടുള്ളത്:
- രാത്രികാല നിയന്ത്രണങ്ങൾ 2021 ജൂലൈ 31 വരെ തുടരും. ജൂലൈ 16 മുതൽ ദിനം തോറും രാത്രികാല നിയന്ത്രണങ്ങളുടെ സമയം നീട്ടുന്നതിനും കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്. ജൂലൈ 16 മുതൽ ജൂലൈ 31 വരെയുള്ള കാലയളവിൽ, ഈദുൽ അദ്ഹയുമായി ബന്ധപ്പെട്ട 3 ദിനങ്ങളിലൊഴികെ, ദിനവും വൈകീട്ട് 5 മണി മുതൽ പുലർച്ചെ 4 മണിവരെ വ്യക്തികളുടെ യാത്രകൾ, വാഹനങ്ങളുടെ ഉപയോഗം, വാണിജ്യ പ്രവർത്തനങ്ങൾ എന്നിവ വിലക്കിയിട്ടുണ്ട്. നിലവിൽ ദിനവും രാത്രി 8 മണി മുതൽ രാവിലെ 4 മണിവരെയാണ് ഈ നിയന്ത്രണങ്ങൾ.
- ഈദുൽ അദ്ഹ അവധിയുമായി ബന്ധപ്പെട്ട 3 ദിവസങ്ങളിൽ (ദുൽ ഹജ്ജ് 10 മുതൽ 12 വരെ) രാജ്യത്ത് സമ്പൂർണ്ണ ലോക്ക്ഡൌൺ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതാണ്. ഈ മൂന്ന് ദിവസങ്ങളിൽ മുഴുവൻ സമയങ്ങളിലും വ്യക്തികളുടെ യാത്രകൾ, വാഹനങ്ങളുടെ ഉപയോഗം, വാണിജ്യ പ്രവർത്തനങ്ങൾ എന്നിവ വിലക്കിയിട്ടുണ്ട്.
- ജൂലൈ 6 മുതൽ മുസന്ദം ഗവർണറേറ്റിലെ രാത്രികാല നിയന്ത്രണങ്ങൾ ഒഴിവാക്കാൻ സുപ്രീം കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്. ഗവർണറേറ്റിലെ രോഗവ്യാപനത്തിൽ കുറവ് രേഖപ്പെടുത്തിയ സാഹചര്യത്തിലാണിത്. ജൂലൈ 9 മുതൽ രാജ്യത്ത് അംഗീകരിച്ചിട്ടുള്ള വാക്സിനുകളുടെ ഒരു ഡോസ് കുത്തിവെപ്പെടുത്ത 18 വയസ്സിന് മുകളിൽ പ്രായമുള്ള പൗരന്മാർക്ക് മുസന്ദം ഗവർണറേറ്റിലേക്ക് പ്രവേശനം അനുവദിക്കുന്നതാണ്. രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചിട്ടുള്ള വിദേശികൾക്ക് മാത്രമാണ് മുസന്ദം ഗവർണറേറ്റിലേക്ക് പ്രവേശനം അനുവദിക്കുന്നത്.
ഇതിന് പുറമെ, ഈദുൽ അദ്ഹ വേളയിൽ ഒത്ത് ചേർന്നുള്ള പ്രാർത്ഥനകൾ, പരമ്പരാഗത ഈദ് മാർക്കറ്റുകൾ, മറ്റു ആഘോഷങ്ങൾ എന്നിവയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തിയതായും സുപ്രീം കമ്മിറ്റി വ്യക്തമാക്കി. സാമൂഹിക ഒത്ത്ചേരലുകൾ, കുടുംബസംഗമങ്ങൾ, ഈദ് ആശംസകൾ നേരുന്നതിനായുള്ള ആൾക്കൂട്ടം എന്നിവ വിലക്കിയിട്ടുണ്ടെന്നും കമ്മിറ്റി കൂട്ടിച്ചേർത്തു.