പത്ത് രാജ്യങ്ങളിൽ നിന്നുള്ള യാത്രികർക്ക് രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് നിലവിൽ ഏർപ്പെടുത്തിയിട്ടുള്ള താത്കാലിക വിലക്കുകൾ നീട്ടാൻ തീരുമാനിച്ചതായി ഒമാൻ സുപ്രീം കമ്മിറ്റി അറിയിച്ചു. ഇനി ഒരു അറിയിപ്പ് ലഭിക്കുന്നത് വരെ ഈ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഒമാനിലേക്ക് പ്രവേശിക്കുന്നതിനള്ള വിലക്കുകൾ തുടരും.
മാർച്ച് 10-ന് രാത്രിയാണ് സുപ്രീം കമ്മിറ്റി ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. രാജ്യത്തെ കൊറോണ വൈറസ് വ്യാപനം തടയുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് ഫെബ്രുവരി 25 മുതൽ ഒമാൻ പത്ത് രാജ്യങ്ങളിൽ നിന്നുള്ള യാത്രികർക്ക് രാജ്യത്ത് പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തിയത്.
ആദ്യ ഘട്ടത്തിൽ 15 ദിവസത്തേക്കാണ് സുപ്രീം കമ്മിറ്റി ഈ വിലക്ക് പ്രഖ്യാപിച്ചിരുന്നത്. ഇപ്പോൾ ഈ പുതിയ തീരുമാനത്തോടെ ഇനി ഒരു അറിയിപ്പ് ലഭിക്കുന്നത് വരെ ഈ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഒമാനിലേക്ക് പ്രവേശനം ഉണ്ടായിരിക്കില്ല.
താഴെ പറയുന്ന രാജ്യങ്ങളിൽ നിന്നെത്തുന്ന യാത്രികർക്കാണ് ഒമാൻ യാത്രാവിലക്കുകൾ ഏർപ്പെടുത്തിയിട്ടുള്ളത്:
- Tanzania
- Sierra Leone
- Lebanon
- Ethiopia
- Ghana
- Nigeria
- South Africa
- Brazil
- Sudan
- Guinea
ഈ രാജ്യങ്ങളിലൂടെ സഞ്ചരിച്ചെത്തുന്ന ട്രാൻസിറ്റ് യാത്രികർക്കും ഈ വിലക്ക് ബാധകമാണ്. കഴിഞ്ഞ 14 ദിവസത്തിനിടയിൽ ഈ രാജ്യങ്ങൾ സന്ദർശിച്ചിട്ടുള്ളവർക്കും, ഇവർ മറ്റു രാജ്യങ്ങളിൽ നിന്ന് ഒമാനിലേക്ക് യാത്ര ചെയ്യുന്ന അവസരത്തിൽ ഈ വിലക്ക് ബാധകമാകുന്നതാണ്. വിവിധ രാജ്യങ്ങളിൽ കൊറോണ വൈറസിന്റെ വ്യാപന ശേഷി കൂടിയ വകഭേദത്തെ കണ്ടെത്തിയ സാഹചര്യത്തിലാണ് ഈ തീരുമാനം. എന്നാൽ, ഈ രാജ്യങ്ങളിൽ നിന്നുള്ള നയതന്ത്ര ഉദ്യോഗസ്ഥർ, ഒമാൻ പൗരന്മാർ, ആരോഗ്യ മേഖലയിലെ ജീവനക്കാർ, അവരുടെ കുടുംബാംഗങ്ങൾ തുടങ്ങിയവർക്കുള്ള ഇളവുകൾ തുടരും.
ഇതിന് പുറമെ, ഒമാനിലെ സർക്കാർ വിദ്യാലയങ്ങളിൽ മാർച്ച് 25, 2021 വരെ ഓൺലൈൻ പഠന രീതി തുടരാനും സുപ്രീം കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്. ഗ്രേഡ് 12-ലെ വിദ്യാർത്ഥികൾക്ക് മാത്രം സമ്മിശ്ര രീതിയിലുള്ള പഠന രീതി തുടരും.