ഒമാനിലെ പ്രവാസികളുടെ റസിഡന്റ് കാർഡ് കാലാവധി മൂന്ന് വർഷമാക്കി നീട്ടാൻ തീരുമാനിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇത് നടപ്പിലാക്കുന്നതിനായി ഒമാനിലെ സിവിൽ സ്റ്റാറ്റസ് നിയമം ഭേദഗതി ചെയ്തതായാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഒമാൻ സിവിൽ സ്റ്റാറ്റസ് നിയമത്തിലെ ഭരണപരമായ മാനദണ്ഡങ്ങളിൽ ആവശ്യമായ ഭേദഗതികൾ വരുത്തുന്നത് സംബന്ധിച്ച ഉത്തരവ് പോലീസ് ആൻഡ് കസ്റ്റംസ് വകുപ്പ് ഇൻപെക്ടർ ജനറൽ ലെഫ്റ്റനന്റ് ജനറൽ ഹസ്സൻ അൽ ശരിഖി ഒക്ടോബർ 24-ന് പുറത്തിറക്കിയിട്ടുണ്ട്. നിലവിൽ ഒമാനിലെ പ്രവാസികളുടെ റസിഡന്റ് കാർഡ് കാലാവധി രണ്ട് വർഷമാണ്.
ഈ പുതിയ തീരുമാന പ്രകാരം, പ്രവാസികളുടെ റസിഡന്റ് കാർഡുകൾ അനുവദിക്കുന്നതിനും, പുതുക്കുന്നതിനും ആവശ്യമായ ഫീ ഓരോ വർഷത്തേക്കും അഞ്ച് റിയാലാക്കി നിജപ്പെടുത്തുന്നതിനും തീരുമാനിച്ചിട്ടുണ്ട്. നഷ്ടപ്പെട്ട ഇത്തരം കാർഡുകൾ വീണ്ടും ലഭിക്കുന്നതിന് 20 റിയാൽ ഫീ ഇടാക്കുന്നതാണ്.
ഇത്തരം കാർഡുകൾ അനുവദിക്കുന്ന തീയതി, അല്ലെങ്കിൽ പുതുക്കിയ തീയതി മുതൽക്കാണ് മൂന്ന് വർഷത്തെ കാലാവധി നിർണ്ണയിക്കുന്നത്. ഇത്തരം കാർഡുകളുടെ കാലാവധി അവസാനിക്കുന്നതിന് 30 ദിവസം മുൻപെങ്കിലും അവ നിർബന്ധമായും പുതുക്കേണ്ടതാണെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.