ബഹ്‌റൈൻ: പൊതു വിദ്യാലയങ്ങളിലെ 87% ജീവനക്കാർക്കിടയിൽ COVID-19 ടെസ്റ്റിംഗ് പൂർത്തിയാക്കി

GCC News

ബഹ്‌റൈനിലെ പൊതു വിദ്യാലയങ്ങളിലെ അധ്യാപകരുൾപ്പടെയുള്ള ജീവനക്കാർക്കിടയിൽ നടന്നുവരുന്ന COVID-19 പരിശോധനകൾ 87 ശതമാനത്തോളം പൂർത്തിയായതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഈ പരിശോധനകളുടെ ഭാഗമായി ഇതുവരെ ഏതാണ്ട് 1 ശതമാനം ജീവനക്കാർക്കിടയിൽ രോഗബാധ കണ്ടെത്തിയതായും മന്ത്രാലയം കൂട്ടിച്ചേർത്തു.

രാജ്യത്തെ പൊതുവിദ്യാലയങ്ങളിലെ അധ്യാപകർ, കാര്യനിർവാഹകർ എന്നിവരുൾപ്പടെ മുഴുവൻ ജീവനക്കാർക്കിടയിലും വൈറസ് പരിശോധനകൾ നടപ്പിലാക്കുന്നതിനായുള്ള നടപടികൾ വിദ്യാഭ്യാസ മന്ത്രാലയവുമായി സംയുക്തമായി ആരോഗ്യ മന്ത്രാലയം നടത്തിവരികയാണ്. സെപ്റ്റംബർ 1 മുതൽ 22 വരെയുള്ള കാലയളവിലാണ് 87 ശതമാനം ജീവനക്കാർക്കിടയിൽ COVID-19 ടെസ്റ്റിംഗ് പൂർത്തിയാക്കിയത്.

ബഹ്റൈനിലെ പൊതു വിദ്യാലയങ്ങളിലെ പുതിയ അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ ആരംഭിക്കുന്നത് ഒക്ടോബർ 4-ലേക്ക് നീട്ടാൻ തീരുമാനിച്ചതായി വിദ്യാഭ്യാസ മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു.ഈ തീരുമാന പ്രകാരം ഒക്ടോബർ 11 മുതൽ വിദ്യാർത്ഥികളെ വിദ്യാലയങ്ങളിലേക്ക് പ്രവേശിപ്പിക്കുന്നതാണ്.