COVID-19 പശ്ചാത്തലത്തിൽ ഒമാനിൽ കുടുങ്ങികിടക്കുന്ന സന്ദർശക വിസകളിലുള്ളവരുടെയും, എക്സ്പ്രസ്സ് വിസകളിലുള്ളവരുടെയും വിസാ കാലാവധി നീട്ടിനൽകാൻ തീരുമാനിച്ചതായി റോയൽ ഒമാൻ പോലീസ് അറിയിച്ചു. രണ്ട് വിഭാഗങ്ങളിലുള്ള വിസകളുടെയും കാലാവധി ജൂൺ 30, 2020 വരെയാണ് നീട്ടിനൽകുന്നതെന്ന് ഞായറാഴ്ച്ച രാവിലെ നൽകിയ അറിയിപ്പിൽ അധികൃതർ വ്യക്തമാക്കി.
ഓമനിലെത്തിയ ശേഷം കൊറോണാ വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട യാത്രാവിലക്കുകളാൽ രാജ്യത്ത് തുടരേണ്ടി വന്ന വിദേശികളായവർക്ക് ആശ്വാസമാകുന്നതാണ് ഈ തീരുമാനം. വിസ കാലാവധി രണ്ടാഴ്ച്ച കൂടി നീട്ടിനൽകുന്നതിനുള്ള നടപടികൾ അധികൃതർ സ്വയമേവ കൈക്കൊള്ളുന്നതാണെന്നും, ഇതിനായി പ്രത്യേക പിഴതുകകൾ ഈടാക്കില്ലെന്നും അറിയിച്ചിട്ടുണ്ട്.
ഒമാനിൽ മാർച്ച് 2020 മുതൽ ഓഗസ്റ്റ് 2020 വരെയുള്ള കാലാവധിയിലേക്ക് നൽകിയിരുന്ന ടൂറിസ്റ്റ് വിസകളുടെ സാധുത മാർച്ച് 2021 വരെ നീട്ടിനൽകാൻ തീരുമാനിച്ചതായി ഒമാൻ ടൂറിസം വകുപ്പ് മന്ത്രി അഹമ്മദ് അൽ മെഹ്റാസി വ്യാഴാഴ്ച്ച അറിയിച്ചിരുന്നു.