നിക്ഷേപസാധ്യതകൾ ചർച്ച ചെയ്യുന്നതിനായി ഒമാൻ വിദേശകാര്യ മന്ത്രി H.E. സയ്യിദ് ബദ്ർ ബിൻ ഹമദ് അൽബുസൈദി ഇന്ത്യൻ വ്യവസായികളുമായും, നിക്ഷേപകരുമായും, വാണിജ്യസ്ഥാപനങ്ങളുടെ പ്രതിനിധികളുമായും കൂടിക്കാഴ്ച്ച നടത്തി. ഡൽഹിയിൽ വെച്ച് നടന്ന G20 വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിന്റെ പശ്ചാത്തലത്തിലാണ് ഈ കൂടിക്കാഴ്ച്ച.
2023 മാർച്ച് 3-ന് വൈകീട്ടാണ് ഒമാൻ ന്യൂസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഒമാൻ മുന്നോട്ട് വെക്കുന്ന നിക്ഷേപസാധ്യതകളും, ഒമാനിൽ വാണിജ്യ, വ്യവസായ മേഖലകളിൽ പങ്കാളികളാകുന്നവർക്ക് ലഭിക്കുന്ന സൗകര്യങ്ങളും, പ്രോത്സാഹനങ്ങളും അദ്ദേഹം ഈ കൂടിക്കാഴ്ച്ചയിൽ പ്രത്യേകം എടുത്ത്കാട്ടി.
ഒമാനും, ഇന്ത്യയും തമ്മിലുള്ള വാണിജ്യ, നിക്ഷേപബന്ധങ്ങളും, ഇരുരാജ്യങ്ങളും തമ്മിൽ നിലവിലുള്ള പങ്കാളിത്തവും ഈ കൂടിക്കാഴ്ച്ചയിൽ ചർച്ച ചെയ്തു. വിദ്യാഭ്യാസം, ആരോഗ്യം, സാങ്കേതികവിദ്യ, ഇൻഫർമേഷൻ ടെക്നോളജി, ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ, പുനരുപയോഗിക്കാവുന്ന ഊർജ്ജസ്രോതസ്സുകൾ തുടങ്ങിയ മേഖലകളിൽ പരസ്പരം സഹകരിച്ച് പ്രവർത്തിക്കുന്നതിന്റെ വിവിധ വശങ്ങളും ഈ ചർച്ചയിൽ അവലോകനം ചെയ്തു.
ഇന്ത്യയിലെ ഒമാൻ അംബാസഡർ H.E. ഇസ്സ സലേഹ് അൽ ഷിബാനി, മിനിസ്ട്രി ഓഫ് കോമേഴ്സ്, ഇൻഡസ്ട്രി ആൻഡ് ഇൻവെസ്റ്റ്മെന്റ് പ്രൊമോഷന് കീഴിലുള്ള ഫോറിൻ ട്രേഡ് ആൻഡ് ഇന്റർനാഷണൽ കോഓപ്പറേഷൻ അഡ്വൈസർ പങ്കജ് ഖിമ്ജി, ഫോറിൻ മിനിസ്ട്രിയിലെ മിനിസ്റ്റേഴ്സ് ഓഫീസ് വകുപ്പ് തലവൻ ഖാലിദ് ഹാഷിൽ അൽ മുസൽഹി മുതലായവർ ഈ ചർച്ചയിൽ പങ്കെടുത്തു.
Cover Image: Oman News Agency.