ഇന്ത്യയിൽ നടന്ന G20 വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ ഒമാൻ വിദേശകാര്യ മന്ത്രി H.E. സയ്യിദ് ബദ്ർ ബിൻ ഹമദ് അൽബുസൈദി പങ്കെടുത്തു. ഒമാൻ ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഒമാൻ വിദേശകാര്യ മന്ത്രിയുടെ നേതൃത്വത്തിലുള്ള പ്രത്യേക ഉന്നതതല പ്രതിനിധിസംഘം G20 വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ പങ്കെടുത്തു. G20 യോഗങ്ങളിൽ ഇന്ത്യയുടെ ക്ഷണപ്രകാരം പ്രത്യേക അതിഥി രാജ്യമായാണ് ഒമാൻ പങ്കെടുക്കുന്നത്.
സമാധാനം നിലനിർത്തുന്നതിൽ ഒമാൻ പിന്തുടരുന്ന സംവാദങ്ങൾ, സഹിഷ്ണുത, അനാവശ്യമായ ഇടപെടലുകൾ ഒഴിവാക്കൽ, അയൽപക്കങ്ങളുമായി നല്ല ബന്ധം കാത്ത് സൂക്ഷിക്കൽ തുടങ്ങിയ മൂല്യങ്ങളിൽ അധിഷ്ഠിതമായ ശൈലിയെക്കുറിച്ച് അദ്ദേഹം ഈ യോഗത്തിൽ സംസാരിച്ചു. പരമ്പരാഗത നീര്‍ച്ചാലുകളിൽ കൃഷി ആവശ്യങ്ങൾക്കായുള്ള ജലം സമാധാനത്തോടെ പങ്ക് വെക്കുന്നതിനായി ആയിരകണക്കിന് വർഷമായി ഒമാൻ പുലർത്തിവരുന്ന പ്രാവര്‍ത്തികമായ അനുഭവജ്ഞാനത്തിൽ നിന്ന് ആവിഷ്ക്കരിച്ചിട്ടുള്ള മൂല്യങ്ങൾ അദ്ദേഹം ഇതിന് ഉദാഹരണമായി ചൂണ്ടിക്കാട്ടി.
ആഗോള തലത്തിൽ വിവിധ രാജ്യങ്ങളിൽ നിലനിൽക്കുന്ന രാഷ്ട്രീയ പ്രശ്നങ്ങൾ, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ വിവിധ വൈഷമ്യങ്ങൾ പരിഹരിക്കുന്നതിനായി ബഹുമുഖ പങ്കാളിത്തം പ്രോത്സാഹിപ്പിക്കേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം എടുത്ത് കാട്ടി.
Cover Image: Oman News Agency.