നിലവിൽ രാജ്യത്തെ വിമാനത്താവളങ്ങൾ അടച്ചിടുന്നതിനോ, ഏതെങ്കിലും രാജ്യങ്ങളിൽ നിന്നുള്ള വ്യോമയാന സേവനങ്ങൾക്ക് വിലക്കേർപ്പെടുത്തുന്നതിനോ ഉദ്ദേശിക്കുന്നില്ലെന്ന് ഒമാൻ സുപ്രീം കമ്മിറ്റി വ്യക്തമാക്കി. 2021 നവംബർ 15, തിങ്കളാഴ്ച്ച നടന്ന സുപ്രീം കമ്മിറ്റി യോഗത്തിൽ ഒമാൻ ആരോഗ്യ വകുപ്പ് മന്ത്രി H.E. ഡോ. അഹ്മദ് അൽ സൈദിയാണ് ഇക്കാര്യം അറിയിച്ചത്.
കൊറോണ വൈറസിന്റെ ഡെൽറ്റ വകഭേദം നിലവിൽ ആഗോളതലത്തിൽ എല്ലായിടങ്ങളിലും കാണപ്പെടുന്നതായി അദ്ദേഹം അറിയിച്ചു. എന്നാൽ ഇക്കാര്യം കൊണ്ട് മാത്രം രാജ്യത്തെ വിമാനത്താവളങ്ങൾ അടച്ചിടുന്നതിനോ, വ്യോമയാന സേവനങ്ങൾക്ക് വിലക്കേർപ്പെടുത്തുന്നതിനോ ഉദ്ദേശിക്കുന്നില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
COVID-19 സാഹചര്യങ്ങളനുസരിച്ച് രാജ്യങ്ങളെ റെഡ്, ഗ്രീൻ, യെല്ലോ എന്നിങ്ങനെ തരാം തിരിക്കുന്ന നടപടി ആവശ്യമെങ്കിൽ സുപ്രീം കമ്മിറ്റി തിരികെ ഏർപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്ത് നിലവിൽ ഒരു ലോക്ക്ഡൌൺ ഏർപ്പെടുത്തേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിലവിൽ ഒമാനിലെ കൊറോണാ വൈറസ് സാഹചര്യം ആശങ്കകൾക്ക് ഇടയാക്കുന്നില്ലെന്നും, സ്ഥിതിഗതികൾ ശാന്തമാണെന്നും അദ്ദേഹം സ്ഥിരീകരിച്ചു. എന്നാൽ ആഗോള സാഹചര്യങ്ങൾ കണക്കിലെടുക്കുമ്പോൾ മഹാമാരി നമ്മുടെ ഇടയിൽ നിന്ന് പൂർണ്ണമായും അകന്നുപോയി എന്ന് പറയാനാകില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കൊറോണ വൈറസ് പ്രതിരോധ നിർദ്ദേശങ്ങൾ കർശനമായി പാലിക്കാൻ അദ്ദേഹം പൊതുജനങ്ങളോട് ആഹ്വാനം ചെയ്തു.