അൽ ബുസൈദ് രാജവംശത്തിന്റെ ഇരുനൂറ്റിഎൺപതാം വാർഷികത്തോടനുബന്ധിച്ച് സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ രണ്ട് സ്മാരക നാണയങ്ങൾ പുറത്തിറക്കി. 2025 ഒക്ടോബർ 12-നാണ് സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ ഇക്കാര്യം അറിയിച്ചത്.
ملامح العملتين التذكاريتين اللتين أُصدرتا احتفاءً بمرور 280 عامًا على حكم أسرة البوسعيد (2024-1744) | 🪙 pic.twitter.com/iqJfwR0Aon
— البنك المركزي العماني (@CentralBank_OM) October 12, 2025
സ്വർണ്ണം, വെള്ളി എന്നിവയിൽ തീർത്തതാണ് ഈ രണ്ട് നാണയങ്ങൾ. 1744-ലാണ് അൽ ബുസൈദ് രാജവംശത്തിന്റെ ഭരണം ആരംഭിച്ചത്.

അൽ ബുസൈദ് രാജവംശത്തിന്റെ കീഴിൽ രാജ്യത്ത് രാഷ്ട്രീയ സ്ഥിരത കൈവരിച്ച ഈ നിമിഷം ഒമാന്റെ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട നാഴികക്കലാണെന്ന് സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ ചൂണ്ടിക്കാട്ടി.

ഇരു നാണയങ്ങളുടെയും മുൻവശത്ത് H.M. സുൽത്താൻ ഹൈതം ബിൻ താരിക്കിന്റെ ഛായാചിത്രം, അൽ അലാം കൊട്ടാരം, അൽ ജലാലി കോട്ട, അൽ മിറാനി കോട്ട എന്നിവ മുദ്രണം ചെയ്തിരിക്കുന്നു.

ഈ നാണയങ്ങളുടെ മറുവശത്ത് സോഹാർ കോട്ട, പരമ്പരാഗത ഒമാനി പായ്ക്കപ്പൽ, പഴയകാല ഇമാമുകൾ, അൽ ബുസൈദ് രാജവംശത്തിലെ സുൽത്താന്മാർ എന്നിവരുടെ പേരുകൾ എന്നിവ മുദ്രണം ചെയ്തിട്ടുണ്ട്.
ഈ പ്രത്യേക സ്മാരക നാണയങ്ങൾ പരിമിതമായ അളവിൽ മാത്രമാണ് ലഭ്യമാക്കിയിരിക്കുന്നതെന്ന് സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ അറിയിച്ചു. സ്വർണ്ണത്തിലുള്ള ആകെ 15 നാണയങ്ങളും, വെള്ളിയിലുള്ള ആകെ 1000 നാണയങ്ങളുമാണ് ലഭ്യമാക്കിയിരിക്കുന്നത്.
ഒരു റിയാൽ മൂല്യമുള്ള ഈ നാണയങ്ങൾ സെൻട്രൽ ബാങ്ക് ഓഫ് ഒമാനിൽ നിന്നോ, റോയൽ ഓപ്പറ ഗാലറിയയിൽ പ്രവർത്തിക്കുന്ന ഒമാൻ പോസ്റ്റ് ഷോപ്പിൽ നിന്നോ വാങ്ങാവുന്നതാണ്. സ്വർണ്ണത്തിലുള്ള നാണയത്തിന് 7,935 റിയാൽ, വെള്ളിയിലുള്ള നാണയത്തിന് 134 റിയാൽ എന്നിങ്ങനെയാണ് ഈ പ്രത്യേക സ്മാരക നാണയങ്ങളുടെ വില.
Cover Image: Central Bank of Oman.

