ഒമാൻ: അനധികൃത വന്യജീവി വ്യാപാരം തടയുന്നതിനുള്ള നടപടികൾ ശക്തമാക്കുന്നു

GCC News

ഒമാൻ ഭരണാധികാരി H.M. സുൽത്താൻ ഹൈതം ബിൻ താരിഖ് രാജ്യത്തെ വന്യജീവി വ്യാപാരം നിയന്ത്രിക്കുന്നത് ലക്ഷ്യമിട്ടുള്ള ഒരു ഔദ്യോഗിക ഉത്തരവ് പുറത്തിറക്കി. അനധികൃത വന്യജീവി വ്യാപാരം തടയുന്നതിനുള്ള നടപടികൾ ശക്തമാക്കുന്നതിന്റെ ഭാഗമായാണിത്.

2024 ഒക്ടോബർ 15-ന് ഒമാൻ ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഈ ഉത്തരവ് ഒമാനിലെ അനധികൃത വന്യജീവി വ്യാപാരം തടയുന്നതിനും, വന്യജീവി വ്യാപാരമേഖലയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനും ഏറെ പ്രാധാന്യമുള്ളതാണെന്ന് ഒമാൻ എൻവിറോണ്മെന്റ് ഏജൻസി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

വംശനാശഭീഷണി നേരിടുന്ന വന്യമൃഗങ്ങൾ, അപൂർവ സസ്യങ്ങൾ തുടങ്ങിയവയ്ക്ക് നാശം സൃഷ്ടിക്കുന്ന കള്ളക്കടത്തുകാരുടെയും, അനധികൃത വ്യാപാരികളുടെയും പ്രവർത്തികൾ തടയുന്നതിന് ഈ ഉത്തരവ് വലിയ പങ്ക് വഹിക്കുന്നതായി എൻവിറോണ്മെന്റ് ഏജൻസി കൂട്ടിച്ചേർത്തു. നിയന്ത്രണങ്ങൾ കടുപ്പിക്കുന്നതിലൂടെ പ്രാദേശിക പരിസ്ഥിതിയ്ക്ക് ദോഷം ഉണ്ടാക്കുന്ന ഇത്തരം നിയമലംഘനങ്ങൾ തടയുന്നതിന് ഒമാൻ ലക്ഷ്യമിടുന്നു.

ഈ ഉത്തരവ് നടപ്പിലാകുന്നതോടെ വന്യജീവി വ്യാപാര മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ, വ്യക്തികൾ എന്നിവർ കൃത്യമായ നിയമവ്യവസ്ഥകളുടെ പരിധിയിൽ വരുന്നതാണ്. ഇവർ ഈ നിയമം പ്രാബല്യത്തിൽ വന്ന് ആറ് മാസത്തിനകം ഈ വ്യവസ്ഥകൾ കൃത്യമായി പാലിക്കാൻ നിർബന്ധിതരാകുന്നതാണ്.

ഇതിൽ വീഴ്ച വരുത്തുന്നവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതിനുള്ള വ്യവസ്ഥകളും ഈ ഉത്തരവിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിലെ ആർട്ടിക്കിൾ 14 പ്രകാരം അനധികൃത വന്യജീവി വ്യാപാരത്തിൽ ഏർപ്പെടുന്നവർ, പുറത്ത് നിന്നുള്ള ജീവിവർഗ്ഗങ്ങളെ അനധികൃതമായി ഒമാനിലേക്ക് ഇറക്കുമതി ചെയ്യുന്നവർ തുടങ്ങിയ നിയമലംഘകർക്ക് ഒരു മാസം മുതൽ ഒരു വർഷം വരെ തടവും, രണ്ടായിരം മുതൽ അയ്യായിരം റിയാൽ വരെ പിഴയും ശിക്ഷയായി ലഭിക്കുന്നതാണ്.