സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (CBO) ആറ് വ്യത്യസ്ത മൂല്യങ്ങളിലുള്ള പുതിയ കറൻസി നോട്ടുകൾ പുറത്തിറക്കിയതായി ഒമാൻ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. ഒമാനി റിയാൽ ബാങ്ക് നോട്ടുകളുടെ ആറാം പതിപ്പിന്റെ ഭാഗമായാണ് ഈ പുതിയ കറൻസി നോട്ടുകൾ പുറത്തിറക്കിയിരിക്കുന്നത്.
20 റിയാൽ, 10 റിയാൽ, 5 റിയാൽ, 1 റിയാൽ, അര റിയാൽ, 100 ബൈസ എന്നീ മൂല്യങ്ങളിലുള്ള കറൻസി നോട്ടുകളാണ് CBO പുതിയതായി പുറത്തിറക്കിയിരിക്കുന്നത്. H.M. സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ ഛായാചിത്രം ആലേഖനം ചെയ്തിട്ടുള്ളതാണ് ഈ പുതിയ ബാങ്ക് നോട്ടുകൾ.
ഈ നോട്ടുകൾ ജനുവരി 11, 2021 മുതൽ രാജ്യത്ത് പ്രചാരത്തിൽ വരുമെന്നും, നിയമപരമായി ഉപയോഗിക്കാമെന്നും CBO വ്യക്തമാക്കിയിട്ടുണ്ട്. പുതിയ നോട്ടുകളോടൊപ്പം ഇതേ മൂല്യങ്ങളിൽ രാജ്യത്ത് നിലവിൽ പ്രചാരത്തിലുള്ള കറൻസി നോട്ടുകൾ നിയമപരമായി തുടരുമെന്നും CBO അറിയിച്ചു.
20 ഒമാനി റിയാൽ:
മസ്കറ്റ് ഇന്റർനാഷണൽ എയർപോർട്ട്, സൊഹാർ ഇൻഡസ്ട്രിയൽ പോർട്ട്, സലാല ഇന്റർനാഷണൽ എയർപോർട്ട്, അൽ ബത്തീന എക്സ്പ്രസ്സ് വേ എന്നീ ദൃശ്യങ്ങൾ ഈ നോട്ടിൽ ആലേഖനം ചെയ്തിട്ടുണ്ട്.
10 ഒമാനി റിയാൽ:
സുൽത്താൻ ഖാബൂസ് ഗ്രാൻഡ് മോസ്ക്, അൽ ബദീദിലെ ഗ്രേറ്റ് മോസ്ക്, അൽ ഉവെയ്നാ പള്ളി എന്നീ ദൃശ്യങ്ങൾ ഈ നോട്ടിൽ ആലേഖനം ചെയ്തിട്ടുണ്ട്.
5 ഒമാനി റിയാൽ:
സുൽത്താൻ ഖാബൂസ് യൂണിവേഴ്സിറ്റി, മസ്കറ്റിലെ റോയൽ ഓപ്പറ ഹൗസ് എന്നീ ദൃശ്യങ്ങൾ ഈ നോട്ടിൽ ആലേഖനം ചെയ്തിട്ടുണ്ട്.
1 ഒമാനി റിയാൽ:
ഒമാൻ എക്രോസ്സ് ഏജസ് മ്യൂസിയം, ഖസബ് കോട്ട, വാദി അൽ ഐൻ ടോംബ്സ്, മുസന്ദം ഗവർണറേറ്റിൽ നിന്നുള്ള കോടാലി, ഒമാനി കഠാരി എന്നീ ദൃശ്യങ്ങൾ ഈ നോട്ടിൽ ആലേഖനം ചെയ്തിട്ടുണ്ട്.
അര ഒമാനി റിയാൽ:
ദോഫറിലെ ഐൻ കൗർ, ദോഫർ ഗവർണറേറ്റിൽ നിന്നുള്ള കുന്തിരിക്കം മരം, അറേബ്യൻ പുളളിപ്പുലി, സൂട്ടി ഫാൽക്കൺ എന്നീ ദൃശ്യങ്ങൾ ഈ നോട്ടിൽ ആലേഖനം ചെയ്തിട്ടുണ്ട്.
100 ബൈസ:
അൽ ജബൽ അൽ ഖന്ദർ, ദോഫർ ഗവർണറേറ്റിൽ നിന്നുള്ള തെങ്ങുകൾ, ഈന്തപ്പനന്തോപ്പുകൾ, ഫലജ് അൽ ജീലാ എന്നീ ദൃശ്യങ്ങൾ ഈ നോട്ടിൽ ആലേഖനം ചെയ്തിട്ടുണ്ട്.
ആറാം പതിപ്പിന്റെ ഭാഗമായുള്ള 50 റിയാൽ ബാങ്ക് നോട്ട് CBO 2020 ജൂലൈയിൽ പുറത്തിറക്കിയിരുന്നു. ഒമാനിലെ ആധുനിക നവോത്ഥാനത്തിന്റെ അമ്പതാം വാർഷികാഘോഷത്തിന്റെ ഭാഗമായി സെൻട്രൽ ബാങ്ക് പുറത്തിറക്കിയ 50 റിയാൽ ബാങ്ക് നോട്ട് ജൂലൈയിൽ തന്നെ പ്രചാരത്തിൽ വന്നിരുന്നു.
ഇരുപത്, പത്ത്, അഞ്ച്, ഒന്ന് തുടങ്ങിയ കറൻസി നോട്ടുകളുടെ ആറാം പതിപ്പുകൾ 2020 അവസാനത്തോടെ പുറത്തിറക്കുമെന്നാണ് CBO നേരത്തെ സൂചിപ്പിച്ചിരുന്നത്. ഇവയടക്കം, ഇതേ ശ്രേണിയിൽ ബാക്കിയുള്ള മൂല്യങ്ങളിലുള്ള ബാങ്ക് നോട്ടുകളാണ് CBO ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത്. ഈ പുതിയ നോട്ടുകൾ രാജ്യത്തെ ATM, CDM, വെന്റിങ്ങ് മെഷീനുകൾ മുതലായവയിൽ ലഭ്യമാക്കുന്നതിനുള്ള നടപടികൾ CBO ആരംഭിച്ചിട്ടുണ്ട്.
Images: Oman News Agency.