ഒമാൻ: രാജ്യത്തേക്ക് പ്രവേശിക്കുന്ന പ്രവാസി കുടുംബങ്ങൾക്ക് ഇൻസ്റ്റിട്യൂഷണൽ ക്വാറന്റീൻ നിർബന്ധമാക്കിയതായി CAA

featured GCC News

2021 മെയ് 11, ചൊവ്വാഴ്ച്ച മുതൽ രാജ്യത്തേക്ക് പ്രവേശിക്കുന്ന പ്രവാസി കുടുംബങ്ങൾക്ക് ഇൻസ്റ്റിട്യൂഷണൽ ക്വാറന്റീൻ നിർബന്ധമാക്കിയതായി ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി (CAA) അറിയിച്ചു. ഇത് സംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം CAA മെയ് 9-ന് വൈകീട്ട് പുറത്തിറക്കിയിട്ടുണ്ട്.

രാജ്യത്ത് പ്രവർത്തിക്കുന്ന വിമാനകമ്പനികൾക്ക് നൽകിയിട്ടുള്ള CAA-യുടെ അറിയിപ്പ് പ്രകാരം മെയ് 11-ന് 6:00pm മുതൽ ഒമാനിലേക്ക് പ്രവേശിക്കുന്ന മുഴുവൻ പ്രവാസികൾക്കും,18 വയസിന് താഴെ പ്രായമുള്ള കുട്ടികൾ, കുടുംബാംഗങ്ങൾ എന്നിവർ ഉൾപ്പടെയുള്ളവർക്കും ഇൻസ്റ്റിട്യൂഷണൽ ക്വാറന്റീൻ നിർബന്ധമാക്കിയിട്ടുണ്ട്. നേരത്തെ കുടുംബങ്ങളായെത്തുന്ന പ്രവാസികൾക്ക് ഒമാൻ ഇൻസ്റ്റിട്യൂഷണൽ ക്വാറന്റീനു പകരം 7 ദിവസത്തെ ഹോം ക്വാറന്റീൻ അനുവദിച്ചിരുന്നു.

ഈ പുതിയ തീരുമാനത്തോടെ, മുഴുവൻ പ്രവാസികൾക്കും ഇൻസ്റ്റിട്യൂഷണൽ ക്വാറന്റീൻ നിർബന്ധമാകുന്നതാണ്. എന്നാൽ ഇൻസ്റ്റിട്യൂഷണൽ ക്വാറന്റീനിൽ ഒമാൻ പൗരന്മാർക്ക് അനുവദിച്ചിട്ടുള്ള ഇളവുകൾ തുടരുമെന്ന് CAA അറിയിച്ചിട്ടുണ്ട്.

അതേസമയം, സുപ്രീം കമ്മിറ്റിയുടെ തീരുമാനപ്രകാരം ഇന്ത്യ ഉൾപ്പടെ ഏതാനം രാജ്യങ്ങളിൽ നിന്ന് ഒമാനിലേക്ക് പ്രവേശിക്കുന്നതിന് ഏർപ്പെടുത്തിയിരുന്ന യാത്രാ വിലക്കുകൾ തുടരുകയാണ്. ഇന്ത്യ, പാകിസ്ഥാൻ, ബംഗ്ലാദേശ്, സുഡാൻ, ലെബനൻ, സൗത്ത് ആഫ്രിക്ക, ബ്രസീൽ, നൈജീരിയ, ടാൻസാനിയ, ഘാന, ഗിനി, സിയറ ലിയോൺ, എത്യോപ്യ, യു കെ, ഈജിപ്ത്, ഫിലിപ്പീൻസ് എന്നീ രാജ്യങ്ങളിൽ നിന്നും ഒമാനിലേക്ക് നേരിട്ട് പ്രവേശനം അനുവദിക്കുന്നില്ല. ഈ രാജ്യങ്ങളിൽ നിന്ന് നേരിട്ടെത്തുന്ന മുഴുവൻ യാത്രികർക്കും, ഒമാനിലേക്ക് യാത്ര പുറപ്പെടുന്നതിന് മുൻപുള്ള 14 ദിവസങ്ങൾക്കിടയിൽ ഈ രാജ്യങ്ങൾ സന്ദർശിച്ചിട്ടുള്ളവർക്കും ഈ വിലക്ക് ബാധകമാണ്. ഈ വിലക്ക് ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ തുടരും.