രാജ്യം ഐക്യരാഷ്ട്രസഭയിൽ അംഗത്വം നേടിയതിന്റെ അമ്പതാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ഒമാൻ പോസ്റ്റ് ഒരു പ്രത്യേക സ്മാരക സ്റ്റാമ്പ് പുറത്തിറക്കി. ഒമാൻ ഫോറിൻ മിനിസ്ട്രിയുമായി ചേർന്നാണ് ഒമാൻ പോസ്റ്റ് ഈ സ്മാരക സ്റ്റാമ്പ് പുറത്തിറക്കിയിരിക്കുന്നത്.
1971 ഒക്ടോബർ 8-നാണ് 131-മത് അംഗ രാജ്യമായി ഒമാൻ ഐക്യരാഷ്ട്രസഭയിൽ അംഗത്വം നേടിയത്. 2021 നവംബർ 14-ന് ഒമാൻ ഫോറിൻ മിനിസ്ട്രിയിൽ നടന്ന ഒരു പ്രത്യേക ചടങ്ങിലാണ് ഈ സ്റ്റാമ്പ് പ്രകാശനം ചെയ്തത്.
ഒമാൻ ക്യാബിനറ്റ് അസിസ്റ്റന്റ് സെക്രട്ടറി ജനറൽ H.H. സയ്യിദ് കാമിൽ ബിൻ ഫഹദ് ബിൻ മഹ്മൂദ് അൽ സൈദിന്റെ രക്ഷാകര്‍ത്തൃത്വത്തിൽ നടന്ന ചടങ്ങിൽ ഒമാൻ ഫോറിൽ മിനിസ്റ്റർ H.E. സയ്യിദ് ബദ്ർ ബിൻ ഹമദ് ബിൻ ഹമൂദ് അൽബുസൈദി, ട്രാൻസ്‌പോർട്, കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി വകുപ്പ് മന്ത്രി H.E. എൻജിനീയർ സൈദ് ബിൻ ഹമൂദ് ബിൻ സൈദ് അൽ മവാലി, ഫോറിൻ മിനിസ്ട്രി, ഒമാൻ പോസ്റ്റ് എന്നീ വകുപ്പുകളിലെ അണ്ടർ സെക്രട്ടറിമാർ, മറ്റു പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
ഐക്യരാഷ്ട്രസഭയിൽ അംഗത്വം നേടിയ അവസരത്തിൽ H.H. സയ്യിദ് താരിഖ് ബിൻ തൈമൂർ അൽ സൈദ് യു എനിൽ നടത്തിയ ആദ്യത്തെ പ്രസംഗത്തിന്റെ ദൃശ്യം ആലേഖനം ചെയ്തിട്ടുള്ള ഈ സ്റ്റാമ്പ് 500 ബൈസ മൂല്യമുള്ളതാണ്.