ഒമാൻ: ഇബ്രിയിൽ നിന്ന് ബി സി മൂവായിരം കാലഘട്ടത്തിലെ പുരാവസ്തു അവശേഷിപ്പുകൾ കണ്ടെത്തി

featured GCC News

അൽ ദഹിറാഹ് ഗവർണറേറ്റിലെ ഇബ്രി വിലായത്തിൽ നിന്ന് ബി സി മൂവായിരം കാലഘട്ടത്തിലേതെന്ന് കരുതുന്ന പുരാവസ്തു അവശേഷിപ്പുകൾ കണ്ടെത്തിയതായി ഒമാൻ മിനിസ്ട്രി ഓഫ് ഹെറിറ്റേജ് ആൻഡ് ടൂറിസം അറിയിച്ചു. 2023 ഫെബ്രുവരി 15-നാണ് ഒമാൻ ന്യൂസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഒമാൻ മിനിസ്ട്രി ഓഫ് ഹെറിറ്റേജ് ആൻഡ് ടൂറിസത്തിന്റെ സഹകരണത്തോടെ, ഫ്രഞ്ച് നാഷണൽ സെന്റർ ഫോർ സയന്റിഫിക് റിസർച്ചിലെ വിദഗ്ധരുടെ സംഘം ഇബ്രി വിലായത്തിലെ അൽ അരിദ് ആർക്കിയോളജിക്കൽ സൈറ്റിൽ നടത്തിയ ഉൽഖനനപ്രവർത്തനങ്ങളുടെ ഭാഗമായാണ് ഈ പുതിയ കണ്ടെത്തൽ.

Source: Oman News Agency.

ഇതിന്റെ ഭാഗമായി ഈ മേഖലയിൽ നിന്ന് 151 മീറ്റർ നീളമുള്ള ജലസേചനത്തിനുള്ള ഒരു നീര്‍ച്ചാല്‍, പ്രാചീന ഇസ്ലാമിക കാലഘട്ടത്തിൽ നിന്നുള്ളതെന്ന് കരുതുന്ന മറ്റൊരു നീര്‍ച്ചാല്‍ എന്നിവ കണ്ടെത്തിയിട്ടുണ്ട്. ഇതിന് പുറമെ, ബി സി മൂവായിരം കാലഘട്ടത്തിലേതെന്ന് കരുതുന്ന വീടുകളുടെ അവശേഷിപ്പുകളും ഇവിടെ നിന്ന് കണ്ടെത്തിയിട്ടുണ്ട്.

Source: Oman News Agency.

രണ്ട് മുറികളും, നിരവധി നെരിപ്പോടുകളും ഉൾപ്പെടുന്നതാണ് ഈ കെട്ടിടങ്ങൾ. ഈ കെട്ടിടത്തിന്റെ അസ്തിവാരം പാറക്കല്ലുകൾ ഉപയോഗിച്ചും, ചുമരുകൾ ചെളിമണ്ണ് ഉപയോഗിച്ചുമാണ് നിർമ്മിച്ചിരിക്കുന്നത്.

ബി സി മൂവായിരം കാലഘട്ടത്തിലേതെന്ന് കരുതുന്ന ഏഴ് ഗോപുരങ്ങളുടെ അവശേഷിപ്പുകളും, ആയിരത്തോളം ശവക്കല്ലറകളും ഇവിടെ നിന്ന് പുതിയതായി കണ്ടെത്തിയിട്ടുണ്ട്. മനുഷ്യ അസ്ഥിപഞ്‌ജരങ്ങളുടെ ശേഷിപ്പുകൾ, മണ്‍പാത്രങ്ങളുടെ അവശിഷ്ടങ്ങൾ എന്നിവയ്‌ക്കൊപ്പം മെസൊപൊട്ടേമിയയിൽ നിലനിന്നിരുന്ന ജെംദത് നസ്ർ കാലഘട്ടത്തിൽ നിന്നുള്ള ഒരു ഭരണിയും ഇവിടെ നിന്ന് കണ്ടെത്തിയിട്ടുണ്ട്.

Cover Image: Oman News Agency.