ഒമാൻ: നോർത്ത് അൽ ബത്തീന ഗവർണറേറ്റിൽ AD അഞ്ചാം നൂറ്റാണ്ടിലെ ഒരു കോട്ട കണ്ടെത്തി

featured Oman

നോർത്ത് അൽ ബത്തീന ഗവർണറേറ്റിൽ AD അഞ്ചാം നൂറ്റാണ്ടിലെ ഒരു കോട്ടയുടെ ശേഷിപ്പുകൾ കണ്ടെത്തിയതായി ഒമാൻ മിനിസ്ട്രി ഓഫ് ഹെറിറ്റേജ് ആൻഡ് ടൂറിസം അറിയിച്ചു. നോർത്ത് അൽ ബത്തീനയിലെ അൽ ഫുലൈജ് ആർക്കിയോളജിക്കൽ സൈറ്റിൽ നടത്തിയ ഉല്‍ഖനനത്തിലാണ് ഈ കോട്ടയുടെ ശേഷിപ്പുകൾ കണ്ടെത്തിയത്.

സുൽത്താൻ ഖാബൂസ് യൂണിവേഴ്സിറ്റി, ബ്രിട്ടീഷ് യൂണിവേഴ്സിറ്റി ഓഫ് ഡർഹാം എന്നിവർ ഒമാൻ മിനിസ്ട്രി ഓഫ് ഹെറിറ്റേജ് ആൻഡ് ടൂറിസവുമായി സംയുക്തമായാണ് ഈ ഉല്‍ഖനന പ്രവർത്തനങ്ങൾ നടത്തിയത്. സഹം വിലായത്തിൽ സ്ഥിതി ചെയ്യുന്ന ഈ പുരാവസ്‌തുമേഖലയിൽ ഉല്‍ഖനനത്തിന്റെ ഭാഗമായി ഉരുണ്ട ഗോപുരങ്ങളാൽ ചുറ്റപ്പെട്ട ചതുരാകൃതിയിലുള്ള ഒരു കോട്ടയുടെ അവശിഷ്ടങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്.

AD അഞ്ചാം നൂറ്റാണ്ടിലെ തന്നെ എന്ന് കരുതുന്ന ചൂളകൾ, BC മൂന്നാം നൂറ്റാണ്ടോളം പഴക്കമുള്ള ശ്മശാനം എന്നിവയും ഇവിടെ നിന്ന് കണ്ടെത്തിയിട്ടുണ്ട്.

ഈ വർഷം ജനുവരിയിൽ സൗത്ത് അൽ ബത്തീന ഗവർണറേറ്റിലെ റുസ്താഖ് വിലായത്തിൽ നാലായിരത്തിലധികം വർഷം പഴക്കമുള്ള ഒരു പരിഷ്കൃത പാർപ്പിട പ്രദേശം കണ്ടെത്തിയിരുന്നു. ഹജാർ മലനിരകളുടെ പരിസരങ്ങളിൽ വാഡി അൽ ഗഷാബിന്റെ പടിഞ്ഞാറൻ കരയിലാണ് ഈ പ്രാചീന ജനവാസകേന്ദ്രത്തിന്റെ അവശേഷിപ്പുകൾ കണ്ടെത്തിയത്.