ഒമാൻ: നിലവിലെ കാലാവസ്ഥ സാഹചര്യങ്ങളെക്കുറിച്ച് അതിഥികൾക്ക് മുന്നറിയിപ്പ് നൽകണമെന്ന് ഹോട്ടലുകൾക്ക് നിർദ്ദേശം

GCC News

രാജ്യത്ത് നിലവിൽ തുടരുന്ന അസ്ഥിര കാലാവസ്ഥാ സാഹചര്യങ്ങളെക്കുറിച്ച് അതിഥികൾക്ക് മുന്നറിയിപ്പ് നൽകണമെന്ന് ഒമാൻ മിനിസ്ട്രി ഓഫ് ഹെറിറ്റേഡ്ജ് ആൻഡ് ടൂറിസം ഹോട്ടലുകൾക്ക് നിർദ്ദേശം നൽകി. ഇത്തരം സാഹചര്യങ്ങളിൽ വിനോദസഞ്ചാരികൾ, അതിഥികൾ മുതലായവർക്ക് ടൂറിസം കേന്ദ്രങ്ങളിലേക്കുള്ള സന്ദർശനങ്ങൾ ഒഴിവാക്കാനുള്ള നിർദ്ദേശങ്ങൾ നൽകാനും ഹോട്ടലുകളോട് മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.

2022 ജൂലൈ 11-ന് വൈകീട്ടാണ് ഒമാൻ മിനിസ്ട്രി ഓഫ് ഹെറിറ്റേഡ്ജ് ആൻഡ് ടൂറിസം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. ഒമാൻ സിവിൽ ഡിഫൻസ്, ഒമാൻ ആംബുലൻസ് അതോറിറ്റി എന്നിവരുമായി ചേർന്നാണ് മന്ത്രാലയം ഈ നിർദ്ദേശം നൽകിയിരിക്കുന്നത്.

ഒമാനിലെ വിവിധ ഇടങ്ങളിൽ അതിശക്തമായ മഴ, പെട്ടന്നുള്ള വെള്ളപ്പൊക്കം, കടൽക്ഷോഭം എന്നിവ തുടരുന്ന സാഹചര്യത്തിലാണ് ഇത്തരം ഒരു ജാഗ്രതാ നിർദ്ദേശം. പൊതുസമൂഹത്തിൽ സുരക്ഷ ഉറപ്പ്‌വരുത്തുന്നതിനായി സിവിൽ ഡിഫൻസ്, ആംബുലൻസ് അതോറിറ്റി തുടങ്ങിയ അധികൃതർ നൽകുന്ന ജാഗ്രതാ നിർദ്ദേശങ്ങൾ, സുരക്ഷാ മുന്നറിയിപ്പുകൾ എന്നിവ കർശനമായി പാലിക്കാൻ മന്ത്രാലയം ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

അതിശക്തമായ മഴയെത്തുടർന്ന് രാജ്യത്തെ മുഴുവൻ വിനോദസഞ്ചാര കേന്ദ്രങ്ങളും താത്കാലികമായി അടച്ചതായി ഒമാൻ സിവിൽ ഡിഫെൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി 2022 ജൂലൈ 10-ന് അറിയിച്ചിരുന്നു.