ദോഫാർ ഗവർണറേറ്റിലെ അൽ ബലീദ് ആർക്കിയോളോജിക്കൽ പാർക്കിൽ പുരാവസ്തു ശാസ്ത്രപരമായ കണ്ടുപിടുത്തങ്ങളുടെ ഒരു പ്രദർശനം ആരംഭിച്ചതായി ഒമാൻ മിനിസ്ട്രി ഓഫ് ഹെറിറ്റേജ് ആൻഡ് ടൂറിസം അറിയിച്ചു. 2022 ജനുവരി 17, തിങ്കളാഴ്ച്ചയാണ് ഈ പുരാവസ്തു പ്രദർശനം ആരംഭിച്ചിരിക്കുന്നത്.
മന്ത്രാലയത്തിന് കീഴിലെ ഹെറിറ്റേജ് വിഭാഗം അണ്ടർസെക്രട്ടറി എൻജിനീയർ ഇബ്രാഹിം സൈദ് അൽ ഖാറൂസിയുടെ നേതൃത്വത്തിലാണ് ഈ പ്രദർശനം ഉദ്ഘാടനം ചെയ്തത്. ഈ പ്രദർശനം 2022 ഫെബ്രുവരി 15 വരെ തുടരുന്നതാണ്.
ഒമാനിലെ പൈതൃകം, സംസ്കാരം, വിനോദസഞ്ചാര സാധ്യതകൾ എന്നിവ എടുത്ത് കാട്ടുന്നതിനായി മന്ത്രാലയം മുന്നോട്ട് വെക്കുന്ന പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഈ പ്രദർശനം സംഘടിപ്പിച്ചിരിക്കുന്നത്.
ഒമാനിലെ വിവിധ ഗവർണറേറ്റുകളെ പ്രധാനപ്പെട്ട പുരാവസ്തു ശാസ്ത്രപരമായ കണ്ടുപിടുത്തങ്ങളെ ലോകത്തിന് മുൻപിൽ അവതരിപ്പിക്കുന്നതിന് ഇത്തരം പ്രവർത്തനങ്ങളിലൂടെ മന്ത്രാലയം ലക്ഷ്യമിടുന്നു. ഏതാണ്ട് അറുപതോളം പുരാവസ്തു മാതൃകകൾ ഈ പ്രദർശനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
Images: Oman Ministry of Heritage and Tourism.