ഒമാൻ: ഇ-പേയ്മെന്റ് സൗകര്യം നിഷേധിക്കുന്ന വ്യാപാരശാലകൾക്ക് മുന്നറിയിപ്പ്

featured GCC News

ഇ-പേയ്മെന്റ് സൗകര്യം നിഷേധിക്കുന്ന വ്യാപാരശാലകൾക്ക് ഒമാൻ മിനിസ്ട്രി ഓഫ് കോമേഴ്‌സ്, ഇൻഡസ്ട്രി ആൻഡ് ഇൻവെസ്റ്റ്മെന്റ് പ്രൊമോഷൻ മുന്നറിയിപ്പ് നൽകി. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഇലക്ട്രോണിക് കാർഡ് പേയ്‌മെന്റ് നിഷേധിക്കുകയും, സ്വകാര്യ അക്കൗണ്ടുകളിലേക്ക് പണം ട്രാൻസ്ഫർ ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്യുന്ന വ്യാപാരശാലകളുടെ വിവരങ്ങൾ മന്ത്രാലയവുമായി പങ്ക് വെക്കാൻ അധികൃതർ പൊതുജനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

ഇത്തരം നടപടികൾ ഒമാനിലെ വാണിജ്യ നിയമങ്ങളുടെ ലംഘനമാണെന്നും ഇത് ഉപഭോക്താക്കളുടെ സുരക്ഷ, സൗകര്യം എന്നിവയെ തടസപ്പെടുത്തുന്നതാണെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഒമാനിലെ ഏതാനം വാണിജ്യ മേഖലകളിൽ ഉപഭോക്താക്കൾക്ക് ഇ-പേയ്മെന്റ് സംവിധാനം ഉപയോഗിച്ചുള്ള പണമിടപാട് സേവനങ്ങൾ നിർബന്ധമായും ലഭ്യമാക്കേണ്ടതുണ്ടെന്ന് മന്ത്രാലയം കൂട്ടിച്ചേർത്തു.

ഒമാനിൽ റെസ്റ്ററന്റുകൾ, കഫെ, സ്വർണ്ണം, വെള്ളി എന്നിവയുടെ വ്യാപാരശാലകൾ, ഇലക്ട്രോണിക്സ് സാധനങ്ങളുടെ വ്യാപാരശാലകൾ, കെട്ടിട നിർമ്മാണ വസ്തുക്കൾ വിൽക്കുന്ന സ്ഥാപനങ്ങൾ, പുകയില വ്യാപാരശാലകൾ, ഷോപ്പിംഗ് മാളുകൾ, ഇൻഡസ്ട്രിയൽ മേഖലകൾ എന്നിവിടങ്ങളിലെ പ്രവർത്തനങ്ങൾ, ഗ്രോസറി കടകൾ തുടങ്ങിയ വാണിജ്യ മേഖലകളിൽ ഇലക്ട്രോണിക് പേയ്‌മെന്റ് സംവിധാനങ്ങൾ ഒരുക്കേണ്ടത് നിയമം മൂലം നിർബന്ധമാണെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്:

ഇ-പേയ്‌മെന്റ് നിഷേധിക്കുക, ഇ-പേയ്‌മെന്റിന് അധിക ചാർജ്ജ് ഈടാക്കുക, ഇ-പേയ്‌മെന്റ് ഉപകരണങ്ങൾ ഒളിപ്പിച്ച് വെക്കുക, നെറ്റ്‌വർക്ക് തടസം ചൂണ്ടിക്കാട്ടി ഇ-പേയ്‌മെന്റ് ഇല്ലായെന്ന് കളവ് പറയുക തുടങ്ങിയ പ്രവർത്തികളിലൂടെ സ്വകാര്യ അക്കൗണ്ടുകളിലേക്ക് പണം ട്രാൻസ്ഫർ ചെയ്യാൻ ആവശ്യപ്പെടുന്ന വ്യാപാരശാലകളുടെ വിവരങ്ങൾ തജവൊബ് സംവിധാനത്തിലൂടെ റിപ്പോർട്ട് ചെയ്യാൻ അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്.