അടുത്ത വർഷത്തിന്റെ ആരംഭം മുതൽ രാജ്യത്തെ ഏതാനം വാണിജ്യ മേഖലകളിൽ ഇലക്ട്രോണിക് പേയ്മെന്റ് സേവനം നിർബന്ധമാക്കുന്നതിനുള്ള തീരുമാനം സംബന്ധിച്ച് ഒമാൻ വാണിജ്യ മന്ത്രാലയം വ്യക്തത നൽകി. ഈ തീരുമാനത്തിന്റെ ആദ്യ ഘട്ടം 2022 ജനുവരി മുതൽ രാജ്യത്തെ ഏതാനം വാണിജ്യ മേഖലകളിൽ നടപ്പിലാക്കുമെന്നും, ഇത്തരം മേഖലകളിലെ സ്ഥാപനങ്ങൾ, തങ്ങളുടെ ഉപഭോക്താക്കൾക്കായി ഡിജിറ്റൽ പണമിടപാടിനുള്ള സൗകര്യങ്ങൾ നിർബന്ധമായും ഒരുക്കേണ്ടതാണെന്നും മിനിസ്ട്രി ഓഫ് കോമേഴ്സ്, ഇൻഡസ്ട്രി ആൻഡ് ഇൻവെസ്റ്റ്മെന്റ് പ്രമോഷൻ (MoCIIP) വ്യക്തമാക്കി.
MoCIIP ഡയറക്ടർ ഓഫ് കോമേഴ്ഷ്യൽ അഫയേഴ്സ് അസ ഇബ്രാഹിം അൽ കിന്ദിയാണ് ഇക്കാര്യം അറിയിച്ചത്. എന്നാൽ ഇത്തരം സ്ഥാപനങ്ങളിലെത്തുന്ന ഉപഭോക്താക്കൾക്ക് കറൻസി ഇടപാടുകൾ നടത്തുന്നതിനും, ഇലക്ട്രോണിക് പണം ഉപയോഗിക്കുന്നതിന് പകരം കറൻസി നോട്ടുകൾ ഉപയോഗിക്കുന്നതിനും അനുവാദമുണ്ടായിരിക്കുമെന്ന് അവർ ഇത് സംബന്ധിച്ച വ്യക്തമാക്കി.
കറൻസി ഇടപാടുകൾ തടയുന്നതിനായല്ല ഇത്തരം ഒരു തീരുമാനമെന്നും, ഡിജിറ്റൽ മാർഗങ്ങൾ അവലംബിക്കുന്നത് ലക്ഷ്യമിടുന്ന ഒമാൻ 2040 നയത്തിന്റെ ഭാഗമായാണ് ഈ തീരുമാനമെന്നും അവർ കൂട്ടിച്ചേർത്തു. ഡിജിറ്റൽ പണമിടപാട് താത്പര്യപ്പെടുന്ന ഉപഭോക്താക്കൾക്ക് അവ ഉപയോഗിക്കുന്നതിനുള്ള സൗകര്യം വാണിജ്യമേഖലയിൽ ഏർപ്പെടുത്തുന്നതിനായാണ് MoCIIP ഇത്തരം ഒരു തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. ഒമാൻ ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
2022 ജനുവരി മുതൽ രാജ്യത്തെ ഏതാനം വാണിജ്യ മേഖലകളിൽ ഇലക്ട്രോണിക് പേയ്മെന്റ് സേവനം നിർബന്ധമാക്കുമെന്ന് MoCIIP നേരത്തെ അറിയിച്ചിരുന്നു. ഈ തീരുമാനം നിർബന്ധമാക്കുന്ന രാജ്യത്തെ നിലവിലുള്ള വാണിജ്യ മേഖലകളുടെ പട്ടികയും MoCIIP നേരത്തെ പ്രഖ്യാപിച്ചിരുന്നു.
വ്യാവസായിക മേഖലകൾ, വാണിജ്യ കേന്ദ്രങ്ങൾ, ഗിഫ്റ്റ് മാർക്കറ്റുകൾ, ഭക്ഷണ വില്പനശാലകൾ, സ്വർണ്ണം, വെള്ളി വില്പനശാലകൾ, റെസ്റ്ററന്റുകൾ, കഫെ, പഴം, പച്ചക്കറി വില്പനശാലകൾ, ഇലക്ട്രോണിക് ഉത്പന്നങ്ങളുടെ വില്പനശാലകൾ, കെട്ടിടനിർമ്മാണത്തിനായുള്ള ഉത്പന്നങ്ങളുടെ വില്പനശാലകൾ, പുകയില കച്ചവടം തുടങ്ങിയ വാണിജ്യ മേഖലകളിലാണ് 2022 ജനുവരി മുതൽ ഈ തീരുമാനം നടപ്പിലാക്കുന്നത്. ഇത്തരം സ്ഥാപനങ്ങളോട് ഡിജിറ്റൽ പേയ്മെന്റ് സേവനങ്ങൾ ഒരുക്കുന്നതിനുള്ള നടപടികൾ പൂർത്തിയാക്കാൻ MoCIIP ആഹ്വാനം ചെയ്തിട്ടുണ്ട്.