രാജ്യത്ത് അടുത്ത് തന്നെ പൂർണ്ണമായ ലോക്ക്ഡൌൺ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തീരുമാനിക്കുന്നതായുള്ള തരത്തിൽ സമൂഹമാധ്യമങ്ങളിലും മറ്റും പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇത്തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് ചൂണ്ടിക്കാട്ടിയ മന്ത്രാലയം, പൊതുജനങ്ങളോട് ഇത്തരം തെറ്റായ വിവരങ്ങൾ പങ്ക് വെക്കുന്നതിൽ നിന്ന് വിട്ട് നിൽക്കാൻ ആവശ്യപ്പെട്ടു.
ഏപ്രിൽ 25-നാണ് ഒമാൻ ആരോഗ്യ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്. രാജ്യത്ത് എല്ലാ മേഖലകളിലും പൂർണ്ണ നിയന്ത്രണം ഏർപ്പെടുത്താനുള്ള ജനങ്ങളുടെ ഭാഗത്ത് നിന്നുള്ള ഒരു ശുപാർശ സുപ്രീം കമ്മിറ്റിയുടെ മുൻപാകെ തിങ്കളാഴ്ച്ച നൽകുമെന്ന തരത്തിലുള്ള വാർത്ത ഒമാനിൽ സമൂഹ മാധ്യമങ്ങളിലൂടെ വ്യാപകമായി പങ്ക് വെക്കപ്പെട്ട സാഹചര്യത്തിലാണ് മന്ത്രാലയം ഇക്കാര്യത്തിൽ വ്യക്തത നൽകിയത്.
എന്നാൽ നിലവിൽ രാജ്യത്തെ COVID-19 സാഹചര്യം വളരെയധികം ആശങ്കകൾക്കിടയാക്കുന്നതാണെന്ന് ഒമാൻ ആരോഗ്യ വകുപ്പ് മന്ത്രി ഡോ. ആഹ്മെദ് അൽ സൈദി അൽ ജസീറയ്ക്ക് നൽകിയ ഒരു അഭിമുഖത്തിൽ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. നിലവിലെ സാഹചര്യത്തിൽ ആവശ്യമാണെങ്കിൽ നിയന്ത്രണങ്ങൾ കർശനമാക്കുമെന്നും, റമദാനിലെ അവസാന ദിനങ്ങളിൽ ലോക്ക്ഡൌൺ, പൂർണ്ണയാത്രാ നിയന്ത്രണങ്ങൾ മുതലായവ ഏർപ്പെടുത്തുന്നതിന്റെ വിവിധ വശങ്ങൾ പരിശോധിക്കേണ്ടി വരാമെന്നും അദ്ദേഹം അഭിമുഖത്തിൽ സൂചിപ്പിക്കുകയുണ്ടായി.