ഖത്തർ: ഡ്രൈവ്-ത്രൂ COVID-19 വാക്സിനേഷൻ കേന്ദ്രങ്ങളിലെത്തുന്നവർക്ക് സഹായകമാകുന്ന ഏതാനം നിർദ്ദേശങ്ങൾ

Qatar

ലുസൈലിലും, അൽ വഖ്‌റയിലും പ്രവർത്തിക്കുന്ന ഡ്രൈവ്-ത്രൂ COVID-19 വാക്സിനേഷൻ കേന്ദ്രങ്ങളിലെത്തുന്നവർക്ക് സഹായകമാകുന്ന ഏതാനം നിർദ്ദേശങ്ങൾ ഖത്തർ ആരോഗ്യ മന്ത്രാലയം പുറത്തിറക്കി. ഈ കേന്ദ്രങ്ങളിൽ നിന്ന് വാക്സിൻ സ്വീകരിക്കുന്നതിനായി വിവിധ സമയങ്ങളിൽ പ്രകടമാകുന്ന വലിയ തിരക്ക് കണക്കിലെടുത്താണ് മന്ത്രലയം ഈ നിർദ്ദേശങ്ങൾ നൽകിയത്.

ജനത്തിരക്ക് മൂലം ഈ കേന്ദ്രങ്ങളിൽ പലപ്പോഴും വാക്സിൻ കുത്തിവെപ്പിനായി മണിക്കൂറുകൾ കാത്ത് നിൽക്കേണ്ട സാഹചര്യങ്ങൾ ഉടലെടുത്തിരുന്നു. ഇതുവരെ ഈ രണ്ട് ഡ്രൈവ്-ത്രൂ കേന്ദ്രങ്ങളിൽ നിന്നുമായി ഒരുലക്ഷത്തിലധികം പേർ വാക്സിൻ കുത്തിവെപ്പുകൾ സ്വീകരിച്ചിട്ടുണ്ട്.

തിരക്ക് അനുഭവപ്പെടുന്ന സാഹചര്യത്തിൽ ഈ കേന്ദ്രങ്ങളിലെത്തുന്നവർക്ക് പരമാവധി ബുദ്ധിമുട്ടുകൾ ഒഴിവാക്കിക്കൊണ്ട് വാക്സിൻ സ്വീകരിക്കുന്നതിന് നടപ്പിലാക്കാവുന്ന ഏതാനം നിർദ്ദേശങ്ങളാണ് ഖത്തർ ആരോഗ്യ മന്ത്രാലയം ഏപ്രിൽ 24-ന് നൽകിയിരിക്കുന്നത്.

  • റമദാനിൽ ഈ രണ്ട് കേന്ദ്രങ്ങളിൽ നിന്നും ദിനവും ഉച്ചയ്ക്ക് 1 മണി മുതൽ രാത്രി 12 മണിവരെ വാക്സിനേഷൻ ലഭിക്കുന്നതാണ്. രാത്രി 11 മണിവരെയാണ് ഈ കേന്ദ്രത്തിലേക്ക് ആളുകൾക്ക് പ്രവേശനം നൽകുന്നത്. എന്നാൽ വളരെ തിരക്കേറിയ ദിനങ്ങളിൽ രാത്രി 11-ന് മുൻപായി തന്നെ ചിലപ്പോൾ പ്രവേശനം അവസാനിപ്പിക്കുന്നതാണെന്ന് മന്ത്രാലയം അറിയിച്ചു.
  • മറ്റു കേന്ദ്രങ്ങളിൽ നിന്ന് ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ചവർക്ക് രണ്ടാം ഡോസ് കുത്തിവെപ്പ് നൽകുന്ന സേവനങ്ങൾ മാത്രമാണ് ലുസൈലിലും, അൽ വഖ്‌റയിലുമായി പ്രവർത്തിക്കുന്ന ഈ ഡ്രൈവ്-ത്രൂ COVID-19 വാക്സിനേഷൻ കേന്ദ്രങ്ങളിൽ നിന്ന് ലഭ്യമാക്കുന്നത്. ഈ കേന്ദ്രത്തിലെത്തുന്നവർ പ്രവേശനം ലഭിക്കുന്നതിനായി ആദ്യ ഡോസ് വാക്സിൻ കുത്തിവെപ്പിന്റെ വിവരങ്ങൾ ഉൾക്കൊള്ളുന്ന വാക്‌സിനേഷൻ കാർഡ് കൈവശം കരുതേണ്ടതാണ്.
  • വാഹനങ്ങളിലെത്തുന്നവർക്ക് മാത്രമാണ് ഈ കേന്ദ്രങ്ങളിൽ നിന്ന് സേവനം നൽകുന്നത്. ഒരു വാഹനത്തിൽ പരമാവധി 4 പേർക്കാണ് അനുമതി.
  • ആദ്യ ഡോസ് കുത്തിവെപ്പ് കഴിഞ്ഞ് നിശ്ചിത കാലാവധി പൂർത്തിയാക്കിയവർക്കാണ് രണ്ടാം ഡോസ് കുത്തിവെപ്പുകൾ നൽകുന്നതെന്നും, രണ്ടാം ഡോസ് കുത്തിവെപ്പുകൾ നേരത്തെ നൽകുന്നതല്ലെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ഫൈസർ വാക്സിൻ കുത്തിവെപ്പുകൾ സ്വീകരിച്ചവർക്ക് ആദ്യ ഡോസ് കുത്തിവെപ്പ് കഴിഞ്ഞ് 21 ദിവസങ്ങൾക്ക് ശേഷവും, മോഡേണ വാക്സിൻ കുത്തിവെപ്പുകൾ സ്വീകരിച്ചിട്ടുള്ളവർക്ക് ആദ്യ ഡോസ് കുത്തിവെപ്പ് കഴിഞ്ഞ് 28 ദിവസങ്ങൾക്ക് ശേഷവുമാണ് ഈ കേന്ദ്രത്തിൽ നിന്ന് രണ്ടാം ഡോസ് കുത്തിവെപ്പ് നൽകുന്നത്.
  • ആദ്യമെത്തുന്നവർക്ക് ആദ്യം സേവനം നൽകുന്ന രീതിയിലാണ് ഈ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത്. വളരെ തിരക്കേറിയ സമയങ്ങളിൽ ആദ്യമെത്തിയവരുടെ കുത്തിവെപ്പ് പൂർത്തിയാകുന്നത് വരെ കാത്തിരിക്കേണ്ടി വരാമെന്നും മന്ത്രാലയം അറിയിച്ചു.
  • ഈ കേന്ദ്രങ്ങളിലെത്തുന്നവർ കൈവശം കുടിക്കാനുള്ള വെള്ളം, ലഘുഭക്ഷണം എന്നിവ കൈവശം കരുതുന്നത്, വളരെയധികം കാത്തിരിക്കേണ്ട സന്ദർഭങ്ങളിൽ സഹായകമാകുന്നതാണെന്ന് മന്ത്രാലയം വ്യക്തമാക്കി.
  • വിരസത ഒഴിവാക്കാനായി വായിക്കാൻ പുസ്തകങ്ങളോ, കാർ സ്റ്റീരിയോയിൽ കേൾക്കാൻ സംഗീതമോ കൈവശം കരുതാവുന്നതാണ്.
  • ഈ കേന്ദ്രങ്ങളിലേക്കെത്തുന്നവർ കഴിയുന്നതും കുട്ടികളെ കൂടെ കൊണ്ടുവരാതിരിക്കാൻ ശ്രദ്ധിക്കേണ്ടതാണ്.
  • വാഹനങ്ങളിൽ മതിയായ ഇന്ധനം ഉണ്ടെന്ന് ഉറപ്പാക്കേണ്ടതാണ്. നീണ്ട ക്യു ഉള്ള അവസരങ്ങളിൽ ഇത് വളരെ പ്രധാനമാണ്.
  • ഈ കേന്ദ്രങ്ങളിലേക്കുള്ള സന്ദർശനം നിങ്ങൾക്ക് മറ്റു തിരക്കുകളൊന്നും ഇല്ലാത്ത ദിവസങ്ങളിൽ നടത്താൻ ശ്രദ്ധിക്കേണ്ടതാണ്.

ലുസൈൽ മൾട്ടിപർപ്പസ് ഹാളിനു പുറകുവശത്തായാണ് ലുസൈലിലെ ഡ്രൈവ്-ത്രൂ COVID-19 വാക്സിനേഷൻ കേന്ദ്രം സ്ഥിതി ചെയ്യുന്നത്. അൽ വഖ്‌റയിലെ അൽ ജനൗബ് സ്റ്റേഡിയത്തിന് പുറകിലായാണ് അൽ വഖ്‌റ ഡ്രൈവ്-ത്രൂ COVID-19 വാക്സിനേഷൻ കേന്ദ്രം സ്ഥിതി ചെയ്യുന്നത്.