മൺസൂൺ മഴക്കാലം (ഖരീഫ് സീസൺ) ആസ്വദിക്കുന്നതിനായി ദോഫാർ ഗവർണറേറ്റിലെത്തുന്ന സഞ്ചാരികളുടെ ആരോഗ്യ സുരക്ഷ കണക്കിലെടുത്ത് ഒമാൻ ആരോഗ്യ മന്ത്രാലയം ഒരു പ്രത്യേക ലഘുലേഖ പുറത്തിറക്കി. 2023 ജൂലൈ 20-നാണ് ഒമാൻ ആരോഗ്യ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.
ആരോഗ്യ സുരക്ഷ കാത്ത് സൂക്ഷിക്കുന്നതിനായി സന്ദർശകർക്ക് പിന്തുടരാവുന്ന നിരവധി നിർദ്ദേശങ്ങൾ അടങ്ങിയതാണ് ഈ ലഘുലേഖ. കൊതുക് കടിയ്ക്കെതിരെ സ്വീകരിക്കാവുന്ന പ്രതിരോധ മാർഗങ്ങൾ, ഉളുക്ക്, ഒടിവ്, തീപ്പൊള്ളൽ, പാമ്പ് കടി, ഭക്ഷ്യവിഷബാധ തുടങ്ങിയ സാഹചര്യങ്ങളിൽ സ്വീകരിക്കാവുന്ന പ്രഥമശുശ്രൂഷ നടപടികൾ എന്നിവ ഈ ലഘുലേഖയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
സുരക്ഷിതമായി മൺസൂൺ മഴക്കാലം ആസ്വദിക്കുന്നതിനായി മന്ത്രാലയം നൽകിയിട്ടുള്ള ഏതാനം നിർദ്ദേശങ്ങൾ:
- വഴുക്കൽ ഒഴിവാക്കുന്നതിനായി സുരക്ഷിതമായതും, ചേർന്നതുമായ പാദരക്ഷകൾ ഉപയോഗിക്കുക.
- സൂര്യാഘാതം ഒഴിവാക്കുന്നതിനായി സൺ ബ്ലോക്കുകൾ ഉപയോഗിക്കുക.
- വിട്ടുമാറാത്ത അസുഖങ്ങൾ ഉള്ള വ്യക്തികൾ തങ്ങളുടെ കൈവശം ആവശ്യമായ മരുന്നുകൾ, ഉപകരണങ്ങൾ എന്നിവ കരുതേണ്ടതാണ്.
- ഏറെ നേരം തുറന്ന് വെച്ച ഭക്ഷണസാധനങ്ങൾ ഒഴിവാക്കേണ്ടതാണ്.
- റെസ്റ്റ്റൂമുകൾ, ടോയ്ലറ്റുകൾ എന്നിവ ഉപയോഗിക്കുന്ന അവസരത്തിൽ ശുചിത്വം പാലിക്കുക.
- മലനിരകളിലും, ജലാശയങ്ങൾക്കരികിലും വഴുക്കി വീഴുന്നതിന് സാധ്യതയുള്ള പ്രദേശങ്ങളിൽ അതീവ ജാഗ്രത പുലർത്തുക.
Cover Image: Oman News Agency.