2024 ഓഗസ്റ്റ് മാസത്തിൽ തൊഴിൽ നിയമങ്ങൾ ലംഘിച്ച 1200-ൽ പരം പ്രവാസികളെ മസ്കറ്റിൽ നിന്ന് അറസ്റ്റ് ചെയ്തതായി ഒമാൻ തൊഴിൽ മന്ത്രാലയം അറിയിച്ചു. 2024 സെപ്റ്റംബർ 3-നാണ് മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
ഡയറക്ടറേറ്റ് ജനറൽ ഓഫ് ലേബർ വെൽഫെയർ, സെക്യൂരിറ്റി ആൻഡ് സേഫ്റ്റി സർവീസസ് ഇൻസ്‌പെക്ഷൻ വിഭാഗം എന്നിവർ ചേർന്നാണ് മസ്കറ്റ് ഗവർണറേറ്റിൽ ഓഗസ്റ്റ് മാസത്തിൽ പ്രത്യേക പരിശോധനകൾ നടത്തിയത്. ഈ പരിശോധനകളിൽ മസ്കറ്റ് ഗവർണറേറ്റിൽ നിന്ന് തൊഴിൽ നിയമങ്ങളുടെ ലംഘനവുമായി ബന്ധപ്പെട്ട് 1217 പ്രവാസികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഇതിൽ 164 പേർ ഒമാൻ പൗരന്മാർക്കായി നിജപ്പെടുത്തിയിട്ടുള്ള തൊഴിൽ പദവികളിൽ തൊഴിൽ ചെയ്തിരുന്ന പ്രവാസികളാണ്. അറസ്റ്റ് ചെയ്യപ്പെട്ടവരിൽ റെസിഡൻസി സാധുത അവസാനിച്ച 844 പേരും, മറ്റു തൊഴിലുടമകൾക്ക് കീഴിൽ തൊഴിലെടുത്തിരുന്ന 158 പേരും, സ്വയം തൊഴിലെടുത്തിരുന്ന 51 പേരും ഉൾപ്പെടുന്നു.