ഒമാൻ: തൊഴിലിടങ്ങളിലെ സുരക്ഷ ഉറപ്പാക്കാൻ മന്ത്രാലയം നിർദ്ദേശം നൽകി

featured GCC News

രാജ്യത്തെ തൊഴിലിടങ്ങളിലെ സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ നടപടികൾ കൈക്കൊള്ളണമെന്ന് തൊഴിലുടമകളോട് ഒമാൻ മിനിസ്ട്രി ഓഫ് ലേബർ നിർദ്ദേശം നൽകി. എല്ലാ തൊഴിലാളികളുടെയും സുരക്ഷ ഉറപ്പ് വരുത്തേണ്ട ചുമതല തൊഴിലുടമകൾക്കുണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കി.

തൊഴിലിടങ്ങളിൽ ആവശ്യമായ സുരക്ഷാ മുൻകരുതലുകൾ ഉറപ്പാക്കുന്നതിനുള്ള നടപടികൾ തൊഴിലുടമകൾ സ്വീകരിക്കേണ്ടതാണെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി താഴെ പറയുന്ന നിർദ്ദേശങ്ങളാണ് മന്ത്രാലയം നൽകിയിരിക്കുന്നത്:

  • തൊഴിലിടങ്ങളിൽ വസ്തുക്കൾ സൂക്ഷിക്കുന്നതിനായി കൃത്യമായി അടയാളപ്പെടുത്തിയ പ്രത്യേക ഇടങ്ങൾ നിർബന്ധമാണ്.
  • ഇത്തരം ഇടങ്ങളിൽ സാധനങ്ങൾ അടക്കി വെക്കുന്നതിനായി മെറ്റൽ റാക്കുകൾ ഏർപ്പെടുത്തേണ്ടതാണ്.
  • കൃത്യമായ വായുസഞ്ചാരം ഉറപ്പ് വരുത്തുന്നതിനും, അപകടങ്ങൾ ഒഴിവാക്കുന്നതിനുമായി അടക്കി സൂക്ഷിച്ചിട്ടുളള വസ്തുക്കളും മുറികളുടെ മുകൾത്തട്ടും തമ്മിൽ ചുരുങ്ങിയത് മൂന്ന് അടിയെങ്കിലും അകലം ഉണ്ടായിരിക്കണം.
  • ഇത്തരം ഷെല്ഫുകളിൽ നിന്ന് സാധനങ്ങൾ എടുക്കുന്നതിനായി സുരക്ഷാ ഗോവണികൾ ഉണ്ടായിരിക്കേണ്ടതാണ്.