നിലവിലെ കൊറോണാ വൈറസ് പശ്ചാത്തലത്തിൽ ഒമാനിൽ ഈ വർഷത്തെ റമദാനിൽ പാലിക്കേണ്ടതായ നിർദ്ദേശങ്ങൾ സുപ്രീം കമ്മിറ്റി ഏപ്രിൽ 20, തിങ്കളാഴ്ച്ച പുറത്ത് വിട്ടു. ഇതിന്റെ ഭാഗമായി രാജ്യത്തു ഉടനീളം നിലവിൽ അടഞ്ഞു കിടക്കുന്ന പള്ളികൾ തുറക്കേണ്ടതില്ലെന്ന് തീരുമാനിച്ചിട്ടുണ്ട്. തറാവീഹ് നമസ്കാരം വീടുകളിൽ വെച്ച് നടത്താനാണ് നിർദ്ദേശം.
ഇഫ്താർ വിരുന്നുകൾക്കും മറ്റുമായി ആളുകൾ ഒത്ത് ചേരുന്നതും കർശനമായി വിലക്കിയിട്ടുണ്ട്. പള്ളികളിലോ, പ്രത്യേക ടെന്റുകളിലോ, സാംസ്കാരിക കേന്ദ്രങ്ങളിലോ ഇത്തരത്തിൽ ഇഫ്താർ സംഗമങ്ങൾ നടത്തുന്നതിനു ഈ വർഷം അനുമതിയുണ്ടായിരിക്കില്ല.
അതേസമയം മസ്കറ്റ് ഗവർണറേറ്റിൽ ഏപ്രിൽ 22 വരെ ഏർപ്പെടുത്തിയിരുന്ന 12 ദിവസത്തെ ലോക്ക്ഡൌൺ തുടരാനും സുപ്രീം കമ്മിറ്റി തീരുമാനമെടുത്തിട്ടുണ്ട്. മെയ് 8 വരെയാണ് പുതിയ തീരുമാനപ്രകാരം മസ്കറ്റിൽ ലോക്ക് ഡൌൺ നീട്ടിയിട്ടുള്ളത്.