ഖത്തർ: ദോഹയിൽ നിന്ന് മുംബൈയിലേക്കും തിരികെയുമുള്ള ആകാശ എയർ വിമാന സർവീസുകൾ ആരംഭിച്ചു

featured GCC News

ദോഹയിൽ നിന്ന് മുംബൈയിലേക്കും, തിരികെയുമുള്ള തങ്ങളുടെ വ്യോമയാന സർവീസുകൾക്ക് ആകാശ എയർ 2024 മാർച്ച് 28-ന് തുടക്കം കുറിച്ചു.

ഇതിന്റെ ഭാഗമായുള്ള ആദ്യ ആകാശ എയർ സർവീസ് മുംബയിൽ നിന്ന് ആരംഭിച്ച് ദോഹയിലെ ഹമദ് ഇന്റർനാഷണൽ എയർപോർട്ടിൽ ലാൻഡ് ചെയ്തു. ഇതോടെ ആകാശ എയർ ഹമദ് ഇന്റർനാഷണൽ എയർപോർട്ടിൽ ലാൻഡ് ചെയ്യുന്ന നാല്പത്തിയേഴാമത്‌ വിദേശ വ്യോമയാന സേവനദാതാക്കളായി മാറി.

പ്രതിവാരം നേരിട്ടുള്ള നാല് വിമാനസർവീസുകളാണ് ദോഹയ്ക്കും, മുംബൈയ്ക്കുമിടയിൽ ആകാശ എയർ നടത്തുന്നത്. ആകാശ എയർ നടത്തുന്ന ആദ്യ അന്താരാഷ്ട്ര സർവീസാണിത്.

മാർച്ച് 28 മുതൽ പ്രതിവാരം ബുധൻ, വ്യാഴം, ശനി, ഞായർ എന്നീ ദിനങ്ങളിലാണ് ആകാശ എയർ ദോഹയ്ക്കും, മുംബൈയ്ക്കുമിടയിൽ സർവീസ് നടത്തുന്നത്. താഴെ പറയുന്ന സമയക്രമം പാലിച്ചാണ് ഈ സർവീസുകൾ:

  • ദോഹ – മുംബൈ – QP71 – ദോഹയിൽ നിന്ന് രാത്രി 8.40-ന് യാത്ര പുറപ്പെട്ട് മുംബയിൽ പിറ്റേന്ന് പുലർച്ചെ 2.45-ന് എത്തിച്ചേരുന്നു.
  • മുംബൈ – ദോഹ – QP70 – മുംബൈയിൽ നിന്ന് വൈകീട്ട് 5.45-ന് യാത്ര പുറപ്പെട്ട് ദോഹയിൽ രാത്രി 7.40-ന് എത്തിച്ചേരുന്നു.