കുവൈറ്റ്: പ്രവാസികളുടെ ആരോഗ്യ പരിശോധനാ നിബന്ധനകളിൽ മാറ്റം വരുത്തിയതായി സൂചന

featured GCC News

രാജ്യത്തേക്ക് പുതിയതായി പ്രവേശിക്കുന്ന പ്രവാസികൾക്ക് റെസിഡൻസി ലഭിക്കുന്നതുമായി ബന്ധപ്പെട്ടുള്ള ആരോഗ്യ പരിശോധനാ നിബന്ധനകളിൽ കുവൈറ്റ് മാറ്റം വരുത്തിയതായി സൂചന. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഈ റിപ്പോർട്ട് അനുസരിച്ച്, കുവൈറ്റിലേക്ക് പുതിയതായെത്തുന്ന റെസിഡൻസി അപേക്ഷകരുടെ ‘ഹെപ്പറ്റൈറ്റിസ് സി’ ലാബ് പരിശോധനാ ഫലം ‘നിർണ്ണയിക്കാൻ സാധിക്കാത്ത’ (indeterminate) എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നതെങ്കിൽ, ഇത്തരം പ്രവാസികളെ ‘മെഡിക്കലി അൺഫിറ്റ്’ എന്ന വിഭാഗത്തിൽ ഉൾപ്പെടുത്തുന്നതാണ്. ഇത്തരക്കാർക്ക് പി സി ആർ പരിശോധനകൾ നടത്തുന്നതിന് അനുമതിയുണ്ടായിരിക്കില്ല.

ഇവരുടെ റെസിഡെൻസിയുമായി ബന്ധപ്പെട്ട തുടർ നടപടികൾ ഏതാനം നിബന്ധനകൾക്ക് വിധേയമായിട്ടായിരിക്കും നടപ്പിലാക്കുന്നതെന്നും ഈ റിപ്പോർട്ട് പറയുന്നു. ചുരുങ്ങിയത് നാല് ആഴ്ചകൾക്കിടയിൽ തുടർച്ചയായി രണ്ട് തവണ ‘നിർണ്ണയിക്കാൻ സാധിക്കാത്ത’ ഫലം രേഖപ്പെടുത്തിയിട്ടുള്ള ‘ഹെപ്പറ്റൈറ്റിസ് സി’ ടെസ്റ്റ് നടത്തുന്ന ഇത്തരം പ്രവാസികൾക്ക് പി സി ആർ പരിശോധനകൾ നടത്തുന്നതിന് അനുമതി നൽകുന്നതാണ്.

ഈ പി സി ആർ പരിശോധനകളിൽ പോസിറ്റീവ് ആകുന്നവരെ ‘മെഡിക്കലി അൺഫിറ്റ്’ എന്ന വിഭാഗത്തിൽ ഉൾപ്പെടുത്തുന്നതാണ്. പി സി ആർ പരിശോധനകളിൽ നെഗറ്റീവ് ആകുന്നവർക്ക് ഒരു വർഷത്തേക്ക് റെസിഡൻസി നൽകുന്നതാണ്. ഈ പി സി ആർ ടെസ്റ്റ് ഒരു വർഷത്തിന് ശേഷം വീണ്ടും നടത്തേണ്ടതാണ്.