രാജ്യത്ത് വാഹനങ്ങളിൽ കുടുംബാംഗങ്ങൾക്കും, സുഹൃത്തുകൾക്കും യാത്രാ സേവനങ്ങൾ നൽകുന്നത് സംബന്ധിച്ച് ഒമാൻ മിനിസ്ട്രി ഓഫ് ട്രാൻസ്‌പോർട് കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി (MTCIT) വ്യക്തത നൽകി. 2023 ഏപ്രിൽ 16-ന് രാത്രിയാണ് ഒമാൻ MTCIT ഇത് സംബന്ധിച്ച ഒരു അറിയിപ്പ് പുറത്തിറക്കിയത്.
നിയമവിരുദ്ധമായ ഗതാഗത സേവനങ്ങൾ നൽകുന്ന വാഹനങ്ങൾ കണ്ടെത്തി പിഴ ചുമത്തുന്നതിനായി ഒമാനിൽ നിലവിൽ നടന്ന് കൊണ്ടിരിക്കുന്ന പരിശോധനകളുടെ പശ്ചാത്തലത്തിലാണ് മന്ത്രാലയം ഇക്കാര്യത്തിൽ വ്യക്തത നൽകിയത്. പ്രതിഫലം വാങ്ങാതെ കുടുംബാംഗങ്ങൾക്കും, സുഹൃത്തുകൾക്കും വാഹനങ്ങളിൽ യാത്രാ സേവനങ്ങൾ നൽകുന്ന വ്യക്തികൾ ഈ നിയമത്തിന്റെ പരിധിയിൽ വരുന്നില്ലെന്നും, ഇത്തരം വ്യക്തികൾക്ക് പിഴ ചുമത്തുന്നതല്ലെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
ഒമാനിൽ നടത്തി വരുന്ന ഇത്തരം പരിശോധനകളുടെ ഭാഗമായി നിയമവിരുദ്ധമായ ഗതാഗത സേവനങ്ങൾ നൽകിയതിന് രണ്ടായിരത്തിലധികം വാഹനങ്ങൾക്ക് പിഴ ചുമത്തിയതായും മന്ത്രാലയം കൂട്ടിച്ചേർത്തു. ഇത്തരം വാഹനങ്ങൾക്ക് 200 റിയാലാണ് പിഴയായി ചുമത്തുന്നത്.
ഇത്തരം പിഴകളുമായി ബന്ധപ്പെട്ട പരാതികൾ ഉള്ളവർക്ക് അതാത് ഗവർണറേറ്റുകളിലെ റോഡ് വകുപ്പുകളിലോ, മന്ത്രാലയത്തിന്റെ പ്രധാന ഓഫീസിലോ പിഴ ചുമത്തപ്പെട്ട തീയതി മുതൽ 15 ദിവസങ്ങൾക്കുള്ളിൽ ഇവ പുനരവലോകനം ചെയ്യുന്നതിനുള്ള അപേക്ഷകൾ നൽകാവുന്നതാണ്.
Cover Image: Oman News Agency.