COVID-19 രോഗവ്യാപനം തടയുന്നതിനായി ഏർപ്പെടുത്തിയിട്ടുള്ള രാത്രികാല കർഫ്യു നിയന്ത്രണങ്ങൾ മാർച്ച് 28, ഞായറാഴ്ച്ച രാത്രി 8 മണി മുതൽ ഒമാനിൽ ആരംഭിച്ചു. രാജ്യവ്യാപകമായി നടപ്പിലാക്കുന്ന ഈ രാത്രികാല കർഫ്യു നിയന്ത്രണങ്ങളുടെ വേളയിൽ ഒമാനിൽ വാണിജ്യ പ്രവർത്തനങ്ങൾ, വ്യക്തികളുടെ യാത്രകൾ, വാഹനങ്ങളുടെ ഉപയോഗം എന്നിവ അനുവദിക്കുന്നതല്ല.
മാർച്ച് 28 മുതൽ ഏപ്രിൽ 8 വരെയാണ് സുപ്രീം കമ്മിറ്റി ഒമാനിൽ രാത്രികാല കർഫ്യു ഏർപ്പെടുത്തിയിട്ടുള്ളത്. ദിനവും രാത്രി 8 മുതൽ പിറ്റേന്ന് രാവിലെ 5 വരെയാണ് കർഫ്യു നിയന്ത്രണങ്ങൾ. രാജ്യത്ത് രാത്രികാല യാത്രാ വിലക്കുകൾ ഏർപ്പെടുത്തുന്നതിന് പുറമെ, വ്യാപാര സ്ഥാപനങ്ങൾ, ഭക്ഷണശാലകൾ, മറ്റു വാണിജ്യ കേന്ദ്രങ്ങൾ എന്നിവയെല്ലാം കർഫ്യു വേളയിൽ അടച്ചിടേണ്ടതാണെന്നും സുപ്രീം കമ്മിറ്റി ഉത്തരവിലൂടെ നേരത്തെ വ്യക്തമാക്കിയിരുന്നു.
കർഫ്യുവിന്റെ ഭാഗമായി ഞായറാഴ്ച്ച വൈകീട്ട് 8 മണിക്ക് മുൻപായി വ്യാപാരശാലകളും മറ്റും പ്രവർത്തനം അവസാനിപ്പിച്ചിരുന്നു. തെരുവുകളിൽ പോലീസ് പെട്രോളിംഗ് സജീവമാക്കിയിട്ടുണ്ട്. കർഫ്യു നിയമങ്ങൾ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനായി ROP വ്യോമ നിരീക്ഷണം ഉൾപ്പടെയുള്ള സുരക്ഷാ നടപടികൾ ശക്തമാക്കിയിട്ടുണ്ട്.
അതേസമയം, ഏതാനം പ്രവർത്തനമേഖലകളെ ഈ കർഫ്യു നിയന്ത്രണങ്ങളിൽ നിന്ന് സുപ്രീം കമ്മിറ്റി ഒഴിവാക്കിയിട്ടുണ്ട്. അടിയന്തിര പ്രാധാന്യമുള്ള പ്രവർത്തനമേഖലകൾക്കാണ് ഈ ഇളവുകൾ അനുവദിച്ചിട്ടുള്ളത്.
രാജ്യത്തുടനീളം പോലീസ് ചെക്ക്പോയിന്റുകൾ നിലവിൽ വന്നതായി റോയൽ ഒമാൻ പോലീസ്
മാർച്ച് 28, ഞായറാഴ്ച്ച രാത്രി 8 മണി മുതൽ ഒമാനിൽ ആരംഭിച്ചിട്ടുള്ള രാത്രികാല കർഫ്യു നിയന്ത്രണങ്ങളുടെ ഭാഗമായി രാജ്യത്തെ ഗവർണറേറ്റുകൾക്കിടയിൽ യാത്രകൾ നിയന്ത്രിക്കുന്നതിനായി ചെക്ക്പോയിന്റുകൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് റോയൽ ഒമാൻ പോലീസ് (ROP) വ്യക്തമാക്കി. സുപ്രീം കമ്മിറ്റിയുടെ തീരുമാനം നടപ്പിലാക്കുന്നതിനായി മുഴുവൻ ഗവർണറേറ്റുകളിലും പോലീസ് പെട്രോളിങ്ങ് ആരംഭിച്ചിട്ടുണ്ട്.
ദിനവും രാത്രി 8 മുതൽ പുലർച്ചെ 5 വരെ കർഫ്യു നിയമങ്ങൾ പാലിക്കപ്പെടുന്നുണ്ടെന്ന് ROP ഉറപ്പാക്കുന്നതാണെന്ന് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ മുഹമ്മദ് ബിൻ നാസ്സർ അൽ കിന്ദി അറിയിച്ചു. ആരോഗ്യ പ്രവർത്തകർ സഞ്ചരിക്കുന്ന വാഹനങ്ങൾ, ആംബുലൻസ്, ഇലെക്ട്രിസിറ്റി, ജലവിതരണം എന്നീ അടിയന്തിര സ്വഭാവമുള്ള സേവനങ്ങളുമായി ബന്ധപ്പെട്ട വാഹനങ്ങൾ, 3 ടണ്ണിൽ കൂടുതൽ ഭാരമുള്ള ട്രക്കുകൾ, വാട്ടർ ടാങ്കറുകൾ, മലിനജലം കൊണ്ടുപോകുന്ന ടാങ്കുകൾ എന്നിവയ്ക്ക് കർഫ്യു വേളയിൽ സഞ്ചരിക്കാൻ അനുമതി നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യാത്രികരെ എയർപോർട്ടിലെത്തിക്കാനും, എയർപോർട്ടിൽ നിന്ന് യാത്രികരെ കൊണ്ട് വരുന്നതിനുമായി സഞ്ചരിക്കുന്നവർക്ക്, വിമാനടിക്കറ്റിന്റെ കോപ്പി ഹാജരാക്കുന്ന പക്ഷം, കർഫ്യു വേളയിൽ യാത്ര ചെയ്യുന്നതിന് അനുമതി നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. മിനിസ്ട്രി ഓഫ് ഇൻഫൊർമേഷനിൽ നിന്ന് പ്രത്യേക അനുമതിയുള്ള പൊതു, സ്വകാര്യ മേഖലകളിലെ പത്രപ്രവർത്തകർ, മാധ്യമ പ്രവർത്തകർ തുടങ്ങിയവർക്കും, പള്ളികളിലെ ഇമാം ഉൾപ്പടെയുള്ളവർക്കും യാത്രാനുമതി നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കർഫ്യു വേളയിൽ വ്യക്തികൾ, വാഹനങ്ങൾ തുടങ്ങിയ ഒരു തരത്തിലുള്ള സഞ്ചാരവും അനുവദിക്കില്ല. ഗവർണറേറ്റുകൾക്കിടയിലെ യാത്രകൾക്കും, ഓരോ ഗവർണറേറ്റുകൾക്കുള്ളിലെ സംസ്ഥാനങ്ങൾ, ഗ്രാമങ്ങൾ എന്നിവയ്ക്കിടയിലും മറ്റുമുള്ള എല്ലാ യാത്രകൾക്കും വിലക്കേർപ്പെടുത്തിയിട്ടുണ്ട്. വ്യാപാരശാലകളും മറ്റും തങ്ങളുടെ ജീവനക്കാർക്ക് കർഫ്യു ആരംഭിക്കുന്നതിന് മുൻപ് വീടുകളിൽ എത്തിച്ചേരാൻ സാധിക്കുന്ന രീതിയിൽ പ്രവർത്തന സമയങ്ങൾ ക്രമീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കർഫ്യു നിയന്ത്രണങ്ങൾ കർശനമായി പാലിക്കാൻ അദ്ദേഹം പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. കർഫ്യു നിയന്ത്രണങ്ങളിലെ വീഴ്ച്ചകൾ 1099 എന്ന നമ്പറിൽ അധികൃതരുമായി പങ്ക് വെക്കാവുന്നതാണ്.