ജലാശയത്തിന്റെ മുകളിലൂടെ ഒരുക്കിയിട്ടുള്ള ലോകത്തെ ഏറ്റവും നീളമേറിയ സിപ്പ് ലൈൻ 2023 ഏപ്രിൽ 26-ന് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തതായി ഒമാൻ മിനിസ്ട്രി ഓഫ് ഹെറിറ്റേജ് ആൻഡ് ടൂറിസം അറിയിച്ചു. ഒമാൻ ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
മുസന്ദം ഗവർണർ H.E. സയ്യിദ് ഇബ്രാഹിം ബിൻ സയീദ് അൽ ബുസൈദിയുടെ നേതൃത്വത്തിലാണ് ഉദ്ഘാടന ചടങ്ങുകൾ അരങ്ങേറിയത്.

സിപ്പ് ലൈൻ തുറന്ന് കൊടുത്തതിനൊപ്പം ‘മുസന്ദം കാർണിവൽ’ ആഘോഷ പരിപാടികളും ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തിട്ടുണ്ട്.

ഏതാണ്ട് 1800 മീറ്റർ നീളത്തിലുള്ള ഈ സിപ്പ് ലൈൻ മുസന്ദം ഗവർണറേറ്റിലാണ് ഒരുക്കിയിരിക്കുന്നത്. ‘ജലത്തിന് മുകളിലൂടെയുള്ള ലോകത്തെ ഏറ്റവും നീളമേറിയ സിപ്പ് ലൈൻ’ എന്ന റെക്കോർഡുമായി ഈ സിപ്പ് ലൈൻ ഗിന്നസ് ബുക്കിൽ ഔദ്യോഗികമായി ഇടം നേടിയിട്ടുണ്ട്.

ഒമ്രാൻ ഗ്രൂപ്പ് ചെയർമാൻ, മിനിസ്ട്രി ഓഫ് ഹെറിറ്റേജ് ആൻഡ് ടൂറിസം ഉദ്യോഗസ്ഥർ, മറ്റു ഉന്നത അധികാരികൾ, ഗിന്നസ് ബുക്ക് അധികൃതർ തുടങ്ങിയവർ ഈ ചടങ്ങിൽ പങ്കെടുത്തു. ഖസബ് വിലായത്തിലെ ബസ്സാ ബീച്ചിൽ വെച്ചാണ് ‘മുസന്ദം കാർണിവൽ’ സംഘടിപ്പിക്കുന്നത്.

മുസന്ദം ഗവർണറേറ്റിൽ ആരംഭിക്കുന്ന ഒമാൻ അഡ്വെഞ്ചർ സെന്ററിന്റെ ഭാഗമായാണ് ഈ സിപ്പ് ലൈൻ ഒരുക്കിയിരിക്കുന്നത്. ഒമാൻ അഡ്വെഞ്ചർ സെന്ററിന്റെ ഭാഗമായി തുറന്ന് കൊടുക്കുന്ന ആദ്യത്തെ പദ്ധതിയാണ് ഈ സിപ്പ് ലൈൻ. രാജ്യത്തെ തന്നെ ഏറ്റവും പ്രധാനപ്പെട്ട സാഹസിക ടൂറിസം കേന്ദ്രങ്ങളിലൊന്നായി മുസന്ദം ഗവർണറേറ്റിനെ ഉയർത്തുന്നത് ലക്ഷ്യമിട്ടാണ് മന്ത്രാലയം ഈ അഡ്വെഞ്ചർ സെന്റർ തുറക്കുന്നത്.
Cover Image: Oman MHT.