രാജ്യത്തെ ഐടി, ടെലികോം മേഖലകളിലെ ഏതാനം തൊഴിലുകളിൽ സ്വദേശിവത്കരണം നടപ്പിലാക്കുന്നതിനെ കുറിച്ച് ഒമാൻ തൊഴിൽ മന്ത്രാലയം, മിനിസ്ട്രി ഓഫ് ട്രാൻസ്പോർട്ട്, കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി വകുപ്പുകളിലെ ഉദ്യോഗസ്ഥർ പ്രത്യേക യോഗം ചേർന്ന് ചർച്ച ചെയ്തു. ഐടി, ടെലികോം എന്നീ മേഖലകളിൽ സ്വദേശിവത്കരണം നടപ്പിലാക്കുന്നതിൽ നേരിടുന്ന വെല്ലുവിളികളും, ഇത് നടപ്പിലാക്കാൻ ആവശ്യമായി വരുന്ന പദ്ധതികളും ഉദ്യോഗസ്ഥർ ഈ യോഗത്തിൽ സമഗ്രമായി പരിശോധിച്ചു.
ഈ മേഖലകളിൽ ഏതാനം തൊഴിലുകളിൽ താമസിയാതെ സ്വദേശിവത്കരണം നടപ്പിലാക്കാനുള്ള സർക്കാർ പദ്ധതികൾ യോഗത്തിൽ ചർച്ച ചെയ്തതായാണ് ലഭിക്കുന്ന സൂചനകൾ. സ്വകാര്യ മേഖലയിലെ, നിലവിലെ ഇത്തരം ജീവനക്കാർക്ക് പകരം ഒമാൻ പൗരന്മാരെ നിയമിക്കുന്നതിൽ തൊഴിൽ മന്ത്രാലയം അഭിമുഖീകരിക്കുന്ന വിവിധ വെല്ലുവിളികൾ മന്ത്രാലയത്തിലെ അണ്ടർ സെക്രട്ടറി ഷെയ്ഖ് നസ്ർ അൽ ഹോസ്നി ചൂണ്ടിക്കാട്ടി. മഹാമാരിക്കിടയിലും ഐടി, ടെലികോം, ട്രാൻസ്പോർട്ടേഷൻ മേഖലകളിൽ രേഖപ്പെടുത്തുന്ന വളർച്ച അദ്ദേഹം ചർച്ചയിൽ എടുത്തകാട്ടി.
അതിവേഗം വളരുന്ന ഈ മേഖലകളിൽ സ്വദേശിവത്കരണം നടപ്പിലാക്കുന്നതിനാവശ്യമായ നിയമനിര്‍മ്മാണത്തെക്കുറിച്ച് മന്ത്രാലയം പദ്ധതികൾ തയ്യാറാക്കിവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്വദേശിവത്കരണം നടപ്പിലാക്കുന്നതിനായി വിവിധ വകുപ്പുകൾ സംയുക്തമായി പ്രവർത്തിക്കേണ്ടതിന്റെ പ്രാധാന്യവും യോഗത്തിൽ ചർച്ച ചെയ്യപ്പെട്ടു.