രാജ്യത്ത് സമൂഹമാധ്യമങ്ങളിലൂടെ ഊഹാപോഹങ്ങൾ പ്രചരിപ്പിക്കുന്ന നടപടികളിൽ നിന്ന് വിട്ട് നിൽക്കാൻ റോയൽ ഒമാൻ പോലീസ് പൊതുജനങ്ങൾക്ക് നിർദ്ദേശം നൽകി. 2022 ഡിസംബർ 3-നാണ് റോയൽ ഒമാൻ പോലീസ് ഇത്തരം ഒരു അറിയിപ്പ് നൽകിയത്.
ആളുകളെ തട്ടിക്കൊണ്ട് പോകുന്ന ഒരു സംഘം ഒമാനിൽ പ്രവർത്തിക്കുന്നതായുള്ള തരത്തിൽ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ച സന്ദേശങ്ങൾ തള്ളിക്കൊണ്ടാണ് റോയൽ ഒമാൻ പോലീസ് ഇക്കാര്യം അറിയിച്ചത്. വ്യക്തികളെ തട്ടിക്കൊണ്ട് പോകുന്ന സംഘത്തെക്കുറിച്ചുള്ള പ്രചാരണങ്ങൾ തീർത്തും അടിസ്ഥാനമില്ലാത്തതാണെന്ന് പോലീസ് വ്യക്തമാക്കി.
ഒമാനിലെ ഒരു ഗവർണറേറ്റിൽ നിന്നും ഇത്തരം പരാതികൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും, മറിച്ചുള്ള പ്രചാരണങ്ങൾ തെറ്റാണെന്നും പോലീസ് അറിയിച്ചു. അടിസ്ഥാനമില്ലാത്ത വാർത്തകൾ, സന്ദേശങ്ങൾ എന്നിവ പ്രചരിപ്പിക്കരുതെന്നും, ഇത്തരം വ്യാജവാർത്തകൾ സമൂഹത്തിൽ ഭീതി പടർത്താൻ മാത്രമേ ഉപകരിക്കൂ എന്നും പോലീസ് വ്യക്തമാക്കി.