മസ്കറ്റ് നൈറ്റ്സ്: സുരക്ഷാ തയ്യാറെടുപ്പുകൾ പൂർത്തിയാക്കിയതായി റോയൽ ഒമാൻ പോലീസ്

featured Oman

2023 ജനുവരി 19, വ്യാഴാഴ്ച മുതൽ ആരംഭിക്കുന്ന ‘മസ്കറ്റ് നൈറ്റ്സ്’ ശൈത്യകാല ആഘോഷപരിപാടികളുമായി ബന്ധപ്പെട്ട സുരക്ഷാ തയ്യാറെടുപ്പുകൾ പൂർത്തിയാക്കിയതായി റോയൽ ഒമാൻ പോലീസ് അറിയിച്ചു. 2023 ജനുവരി 18-ന് വൈകീട്ടാണ് റോയൽ ഒമാൻ പോലീസ് ഇക്കാര്യം അറിയിച്ചത്.

മസ്കറ്റ് നൈറ്റ്സ് 2023-ന്റെ പ്രധാന കമ്മിറ്റിയിലെ റോയൽ ഒമാൻ പോലീസ് പ്രതിനിധി, ഓപ്പറേഷൻസ് വിഭാഗം ഡയറക്ടർ ജനറൽ, ബ്രിഗേഡിയർ ജനറൽ മുഹമ്മദ് ബിൻ നാസ്സർ അൽ കിന്ദിയാണ് ഇക്കാര്യം അറിയിച്ചത്. ഈ ആഘോഷപരിപാടികൾ നടക്കുന്ന കാലയളവിൽ പൊതു സുരക്ഷ ഉറപ്പ് വരുത്തുന്നതിനും, ഒമാൻ നൈറ്റ്സ് വേദികൾ സുരക്ഷിതമാക്കുന്നതിനും, സന്ദർശകർക്ക് സുരക്ഷ ഏർപ്പെടുത്തുന്നതിനും ആവശ്യമായ തയ്യാറെടുപ്പുകളെല്ലാം പൂർത്തിയാക്കിയതായി അദ്ദേഹം ഒമാൻ ന്യൂസ് ഏജൻസിയ്ക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.

ഈ പരിപാടികളിൽ പങ്കെടുക്കാനെത്തുന്നവർക്ക് ആവശ്യമായ വിസകൾ, കസ്റ്റംസ് ക്ലിയറൻസ് മുതലായവ നൽകുന്നതിനുള്ള നടപടികളും റോയൽ ഒമാൻ പോലീസ് കൈക്കൊണ്ടതായി അദ്ദേഹം കൂട്ടിച്ചേർത്തു. ഒമാൻ നൈറ്റ്സ് വേദികളുടെ പ്രവേശന കവാടങ്ങളിലും, വേദികളുടെ പരിസരങ്ങളിലും പ്രത്യേക പോലീസ് പട്രോളിംഗ് ഏർപ്പെടുത്തിയിട്ടുണ്ട്.

പൊതുജനങ്ങൾക്കിടയിൽ വിവിധ വിഷയങ്ങളെക്കുറിച്ച് അവബോധം വളർത്തുന്നതിന് ലക്ഷ്യമിട്ട് കൊണ്ട് ഒമാൻ നൈറ്റ്സ് വേദികളിൽ നടക്കുന്ന പ്രത്യേക പ്രദർശനങ്ങളിലും റോയൽ ഒമാൻ പോലീസ് പങ്കെടുക്കുന്നുണ്ട്. മയക്കുമരുന്നിനെതിരായ ബോധവത്കരണം, ട്രാഫിക് സുരക്ഷാ പ്രദർശനം, സിവിൽ ഡിഫൻസ്, ആംബുലൻസ് വിഭാഗങ്ങളുടെ പ്രദർശനം, കസ്റ്റംസ് എക്സിബിഷൻ മുതലായവയാണ് ഇതിന്റെ ഭാഗമായി ഒരുക്കുന്നത്.

2023 ജനുവരി 19 മുതൽ ഫെബ്രുവരി 4 വരെയാണ് ‘മസ്കറ്റ് നൈറ്റ്സ്’ നടക്കുന്നത്. ഖുറം നാച്ചുറൽ പാർക്ക്, അൽ നസീം പാർക്ക്, ഒമാൻ ഓട്ടോമൊബൈൽ അസോസിയേഷൻ, ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്റർ എന്നിങ്ങനെ നാല് പ്രധാന ഇടങ്ങളിലായാണ് ‘മസ്കറ്റ് നൈറ്റ്സ്’ സംഘടിപ്പിക്കുന്നത്.

Cover Image: Oman News Agency.