ഒമാൻ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റിയുടെ (CPA) ഔദ്യോഗിക വെബ്സൈറ്റിന്റെ രൂപത്തിൽ നിർമിച്ചിരിക്കുന്ന വ്യാജ വെബ്സൈറ്റുകൾ ഉപയോഗിച്ചുള്ള തട്ടിപ്പിനെക്കുറിച്ച് റോയൽ ഒമാൻ പോലീസ് മുന്നറിയിപ്പ് നൽകി.
ഉപഭോക്താക്കളിൽ നിന്ന് സ്വകാര്യ വിവരങ്ങൾ, ബാങ്കിങ് വിവരങ്ങൾ എന്നിവ ചോർത്തിയെടുക്കുന്നത് ലക്ഷ്യമിട്ടാണ് ഈ തട്ടിപ്പെന്ന് പോലീസ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
തുടർന്ന് ഈ വിവരങ്ങൾ ദുരുപയോഗം ചെയ്തത് കൊണ്ട് തട്ടിപ്പ് സംഘങ്ങൾ ഉപഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം തട്ടിയെടുക്കുന്നതായും പോലീസ് ചൂണ്ടിക്കാട്ടി. വെബ്സൈറ്റുകളുടെ ആധികാരികത പരിശോധിച്ചുറപ്പിച്ച ശേഷം മാത്രം വിവരങ്ങൾ പങ്ക് വെക്കാൻ പോലീസ് ആഹ്വാനം ചെയ്തിട്ടുണ്ട്.
കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റിയുടെ വെബ്സൈറ്റിലൂടെ വിവിധ സേവനങ്ങൾ നേടുന്ന അവസരത്തിൽ ബാങ്ക് കാർഡ് വിവരങ്ങൾ ചോദിക്കാറില്ലെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.