T20 വേൾഡ് കപ്പ് 2021: ഒമാൻ പോസ്റ്റ് പ്രത്യേക സ്മാരക സ്റ്റാമ്പുകൾ പുറത്തിറക്കി

featured GCC News

2021-ലെ പുരുഷന്മാരുടെ ഐ സി സി T20 വേൾഡ് കപ്പ് ക്രിക്കറ്റ് ടൂർണമെന്റിന് ഒമാൻ ആതിഥേയത്വം വഹിക്കുന്നതുമായി ബന്ധപ്പെട്ട് ഒമാൻ പോസ്റ്റ് പ്രത്യേക സ്മാരക സ്റ്റാമ്പുകൾ പുറത്തിറക്കി. ഒമാൻ ക്രിക്കറ്റുമായി സംയുക്തമായാണ് ഒമാൻ പോസ്റ്റ് ഈ സ്മാരക സ്റ്റാമ്പുകൾ പുറത്തിറക്കിയിരിക്കുന്നത്.

ഒമാൻ കായിക വകുപ്പ് മന്ത്രി H.H. സയ്യിദ് തെയസിൻ ബിൻ ഹൈതം ബിൻ താരിഖ് അൽ സൈദിന്റെ രക്ഷാകര്‍ത്തൃത്വത്തിലാണ് ഒമാൻ പോസ്റ്റ് ഒരു റിയാൽ മൂല്യമുള്ള ഈ സ്റ്റാമ്പുകൾ പുറത്തിറക്കിയിരിക്കുന്നത്.

ഒരു ബാറ്റ്സ്മാൻ ബാറ്റ് ചെയ്യുന്ന രേഖാചിത്രം ആലേഖനം ചെയ്തിട്ടുള്ള ഈ സ്റ്റാമ്പിൽ ഐ സി സി T20 വേൾഡ് കപ്പ് ക്രിക്കറ്റ് ടൂർണമെന്റിന്റെയും, ഒമാൻ ക്രിക്കറ്റിന്റെയും ലോഗോകൾ മുദ്രണം ചെയ്തിട്ടുണ്ട്.

വേൾഡ് കപ്പ് ക്രിക്കറ്റ് ടൂർണമെന്റിന് ഒമാൻ ആതിഥേയത്വം വഹിക്കുന്ന ചരിത്ര മുഹൂർത്തം ക്രിക്കറ്റ് രംഗത്ത് ഒമാൻ കൈവരിച്ചിട്ടുള്ള നേട്ടങ്ങളെ എടുത്തു കാട്ടുന്നതാണ്. യു എ ഇയുമായി സംയുക്തമായാണ് ഒമാൻ ഈ ക്രിക്കറ്റ് ടൂർണമെന്റിന് വേദിയാകുന്നത്. അൽ അമീറത്തിലെ ഒമാൻ ക്രിക്കറ്റ് അക്കാദമി ഗ്രൗണ്ടിലാണ് ടൂർണമെന്റിന്റെ ഭാഗമായി ഒമാനിൽ വെച്ച് നടക്കുന്ന മത്സരങ്ങൾ സംഘടിപ്പിക്കുന്നത്.