രാജ്യത്ത് ഭിക്ഷാടനത്തിനായി കുട്ടികളെ ചൂഷണം ചെയ്യുന്നവർക്കെതിരെ ശിക്ഷാനടപടികൾ സ്വീകരിക്കുമെന്ന് ഒമാൻ പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി.
ഒമാനിലെ പീനൽ കോഡിലെ ആർട്ടിക്കിൾ 298 പ്രകാരം പ്രായപൂർത്തിയാകാത്തവരെ ഭിക്ഷാടനത്തിനായി ഉപയോഗിക്കുന്നതും, ഇത്തരം വ്യക്തികളെ ഭിക്ഷാടകർക്ക് നൽകുന്നതും ക്രിമിനൽ കുറ്റകൃത്യമാണെന്ന് പബ്ലിക് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്ക് മൂന്ന് വർഷം വരെ തടവ് ശിക്ഷയും 100 റിയാൽ പിഴയും ചുമത്തുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരം പ്രവർത്തികളിൽ ഏർപ്പെടുന്നവർ കുട്ടിയുടെ രക്ഷിതാവോ, അവരുടെ രക്ഷാ ചുമതലയുള്ളവരോ ആണെങ്കിൽ ഇരട്ടി ശിക്ഷ ലഭിക്കുന്നതാണ്.
ഒമാനിലെ കുട്ടികളുടെ നിയമത്തിലെ ആർട്ടിക്കിൾ 44 പ്രകാരം ഭിക്ഷ ലഭിക്കുന്നതിന് അപേക്ഷിക്കുന്നതും, ഭിക്ഷ നൽകുന്നതും, ഇത്തരത്തിൽ ധനം ശേഖരിക്കുന്നതിനായി വിവിധ പ്രദർശനങ്ങൾ നടത്തുന്നതും ഭിക്ഷാടനമായി കണക്കാക്കുന്നതാണ്. ഇത്തരം പ്രവർത്തികൾ ശിക്ഷാ നടപടികളിലേക്ക് നയിക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
രാജ്യത്ത് പള്ളികളുടെ പരിസരങ്ങൾ, റോഡുകൾ, വ്യാപാരസ്ഥാപനങ്ങൾ തുടങ്ങിയ പൊതു ഇടങ്ങളിൽ നടത്തുന്ന യാചകവൃത്തി കുറ്റകൃത്യമാണെന്ന് ഒമാൻ പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരം നിയമ ലംഘനങ്ങൾക്ക് ഒരു വർഷം വരെ തടവും, 100 റിയാൽ വരെ പിഴയും ചുമത്താവുന്നതാണെന്ന് പ്രോസിക്യൂഷൻ അറിയിച്ചു.