സ്വദേശിവത്കരണ നടപടികളുടെ ഭാഗമായി രാജ്യത്ത് പ്രവാസികൾക്ക് ഇലെക്ട്രിക്കൽ വയറിങ്ങ് ലൈസൻസ് അനുവദിക്കുന്നത് നിർത്തലാക്കാൻ തീരുമാനിച്ചതായി ഒമാൻ അതോറിറ്റി ഫോർ പബ്ലിക് സർവീസസ് റെഗുലേഷൻ അറിയിച്ചു. ഇത്തരം പുതിയ ലൈസൻസുകൾ പ്രവാസികൾക്ക് അനുവദിക്കില്ലെന്നും, നിലവിലുള്ള ഇത്തരം ലൈസൻസുകൾ പുതുക്കി നൽകില്ലെന്നും അതോറിറ്റി വ്യക്തമാക്കിയിട്ടുണ്ട്.
ജൂൺ 6-ന് വൈകീട്ടാണ് അതോറിറ്റി ഇക്കാര്യം അറിയിച്ചത്. ഇലെക്ട്രിക്കൽ വയറിങ്ങ് തൊഴിലുകൾ ഒമാൻ പൗരന്മാർക്ക് മാത്രമായി പരിമിതപ്പെടുത്തിയതായും അതോറിറ്റി വ്യക്തമാക്കി.
വൈദ്യുതി മേഖലയിൽ തൊഴിലെടുക്കുന്ന പ്രവാസി കോൺട്രാക്ടർമാരെ ഒഴിവാക്കുന്നതിനും, ഒമാൻ പൗരന്മാർക്കായി പുതിയ 800 തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതും ലക്ഷ്യമിട്ടാണ് അതോറിറ്റി ഈ തീരുമാനം കൈക്കൊണ്ടിട്ടുള്ളത്. വൈദ്യുതി മേഖലയിലെ സ്വദേശിവത്കരണ നടപടികൾ ഊർജ്ജിതപ്പെടുത്താനുള്ള അതോറിറ്റിയുടെ നയത്തിന്റെ ഭാഗമായാണ് ഈ തീരുമാനം.
ഇത്തരം ഒരു തീരുമാനത്തെക്കുറിച്ച് അതോറിറ്റി 2021 മാർച്ച് മാസത്തിൽ സൂചന നൽകിയിരുന്നു. 2021 ജൂലൈ മാസത്തോടെ ഒമാനിലെ ഇലെക്ട്രിക്കൽ മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ ഈ തീരുമാനം നടപ്പിലാക്കുന്നതിനാണ് അതോറിറ്റി ലക്ഷ്യമിടുന്നത്.