രാജ്യത്തെ COVID-19 നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കുന്നതിന്റെ ഭാഗമായി ഒമാൻ സുപ്രീം കമ്മിറ്റി പുതിയ മുൻകരുതൽ മാനദണ്ഡങ്ങൾ പ്രഖ്യാപിച്ചു. 2022 ജനുവരി 21-ന് രാത്രിയാണ് ഒമാൻ സുപ്രീം കമ്മിറ്റി ഇത് സംബന്ധിച്ച അറിയിപ്പ് പുറത്തിറക്കിയത്.
ഒമാനിൽ പ്രതിദിന COVID-19 രോഗബാധിതരുടെ എണ്ണം ഉയരുന്ന സാഹചര്യത്തിലാണ് സുപ്രീം കമ്മിറ്റി ഇത്തരം ഒരു തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. ഈ തീരുമാന പ്രകാരം ഒമാനിൽ 2022 ജനുവരി 23, ഞായറാഴ്ച്ച മുതൽ താഴെ പറയുന്ന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്നാണ് സുപ്രീം കമ്മിറ്റി അറിയിച്ചിരിക്കുന്നത്:
- ഒമാനിലെ സർക്കാർ ഓഫീസുകളുടെ പ്രവർത്തനം പരമാവധി അമ്പത് ശതമാനം ശേഷിയിൽ നിയന്ത്രിക്കുന്നതാണ്. അമ്പത് ശതമാനം ജീവനക്കാർ ഓഫീസുകളിൽ നേരിട്ട് ഹാജരാകുന്ന രീതിയിലും, ബാക്കി ജീവനക്കാർ ഓൺലൈൻ സംവിധാനങ്ങളിലൂടെ തങ്ങളുടെ ജോലി പൂർത്തിയാക്കുന്ന രീതിയിലുമാണ് ഈ തീരുമാനം നടപ്പിലാക്കുന്നത്. ഈ തീരുമാനം രണ്ടാഴ്ച്ചത്തേക്ക് തുടരുമെന്നാണ് സുപ്രീം കമ്മിറ്റി അറിയിച്ചിരിക്കുന്നത്.
- ആൾക്കൂട്ടം ഉണ്ടാകാനിടയുള്ള എല്ലാ സമ്മേളനങ്ങൾ, പ്രദർശനങ്ങൾ, മറ്റു പരിപാടികൾ എന്നിവ മാറ്റിവെക്കാൻ തീരുമാനിച്ചിട്ടുണ്ട്.
- പള്ളികളിൽ വെച്ചുള്ള വെള്ളിയാഴ്ച്ച പ്രാർത്ഥന ഒഴിവാക്കും. അമ്പത് ശതമാനം വിശ്വാസികളെ പങ്കെടുപ്പിച്ച് കൊണ്ട് ദിനവും അഞ്ച് നേരമുള്ള പ്രാർത്ഥനകൾ പള്ളികളിൽ തുടരുന്നതാണ്.
- റെസ്റ്ററന്റുകൾ, കഫെ, വാണിജ്യശാലകൾ, വ്യാപാരശാലകൾ, ഹാളുകൾ എന്നിവയുടെ പ്രവർത്തനം പരമാവധി അമ്പത് ശതമാനം ശേഷിയിൽ നിയന്ത്രിക്കും. ഇത്തരം ഇടങ്ങളിൽ COVID-19 പ്രതിരോധ നിർദ്ദേശങ്ങൾ കർശനമായി പാലിക്കേണ്ടതാണ്. ഇത്തരം ഇടങ്ങളിൽ പ്രവേശിക്കുന്നവരുടെ വാക്സിനേഷൻ രേഖകൾ പരിശോധിക്കേണ്ടതും, മാസ്കുകളുടെ ഉപയോഗം, സാമൂഹിക അകലം എന്നിവ സംബന്ധിച്ച നിയമങ്ങൾ കർശനമായി നടപ്പിലാക്കേണ്ടതുമാണ്.